വാഷിംഗ്ടൺ: കാമുകിക്കൊപ്പം ജീവിക്കാൻ പ്രോട്ടീൻ ഷെയ്ക്കിൽ വിഷം കലർത്തി നൽകി ഭാര്യയെ കൊന്ന് ദന്ത ഡോക്ടർ. യു എസിലെ കൊളറാഡോയിലാണ് സംഭവം.
43കാരിയായ ആഞ്ചല ക്രെയ്ഗ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആഞ്ചലയുടെ ഭർത്താവ് ജെയിംസ് താലിവർ ക്രെയ്ഗ് (45)നെ പൊലീസ് അറസ്റ്റ് ചെയ്തു.
വർക്കൗട്ടിന് ശേഷം ആഞ്ചല സ്ഥിരമായി പ്രോട്ടീൻ ഷെയ്ക്ക് കുടിക്കുമായിരുന്നു. ജെയിംസാണ് എന്നും ഈ ഷെയ്ക്ക് ഉണ്ടാക്കി നൽകിയിരുന്നത്.
ഈ അവസരം മുതലെടുത്താണ് ഇയാൾ ഭാര്യയ്ക്ക് വിഷം നൽകാനായി തീരുമാനിച്ചത്. ഇതിനായി സയനൈഡും ആഴ്സനിക്കും ഓൺലൈനായി വരുത്തി.
ആദ്യം ആഴ്സനിക്ക് കലർത്തി നൽകിയെങ്കിലും ആഞ്ചലയ്ക്ക് ഒന്നും സംഭവിച്ചില്ല. തുടർന്ന് ആഴ്സനിക്കും സയനൈഡും ഒരുമിച്ച് കലർത്തി കൊടുക്കുകയായിരുന്നു.
കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെട്ട ഇവരെ ഇക്കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആഞ്ചല മരിച്ചു. ഡോക്ടർമാർക്കും പെട്ടെന്നുള്ള മരണത്തിന്റെ കാരണം കണ്ടെത്താനായിരുന്നില്ല.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
ജെയിംസ് ഓൺലൈനായി സയനൈഡും ആഴ്സനിക്കും വാങ്ങിയെന്ന് സഹപ്രവർത്തകനായ റയാൻ നൽകിയ മൊഴി കേസിൽ നിർണായകമായി.
എന്നാൽ ഇത് ഗവേഷണത്തിനായി വാങ്ങിയതാണെന്നായിരുന്നു ജെയിംസിന്റെ വാദം. എന്നാൽ ജെയിംസിന്റെ ഫോണിൽ ‘ആഴ്സനിക്ക് കഴിച്ച് മരിച്ചാൽ പോസ്റ്റ്മോർട്ടത്തിൽ അറിയാൻ സാധിക്കുമോ’ എന്ന് ഗൂഗിളിൽ തെരഞ്ഞിരുന്നതായി പോലീസ് കണ്ടെത്തി. ഇതോടെ കേസിൽ ജെയിംസിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു.