
കുറവിലങ്ങാട്: ഇരുപതുകാരൻ കൊല്ലപ്പെട്ട് 24 വർഷങ്ങൾ പിന്നിട്ടപ്പോൾ അയൽവാസി അറസ്റ്റിൽ. കാണക്കാരി കുറുമുള്ളൂർ അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നി ജോസഫി(20) നെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസി കുറ്റിപ്പറന്പിൽ വർക്കി(56)യെ പോലീസ് അറസ്റ്റ് ചെയ്തത്.
1996 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബെന്നിയെ കൊലപ്പെടുത്തി കൃഷിയിടത്തിലെ കുളത്തിൽ കല്ലുകെട്ടിതാഴ്ത്തിയശേഷം വർക്കി ഒളിവിൽപ്പോകുകയായിരുന്നു. കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
ബെന്നിയെ കൊലപ്പെടുത്തിയശേഷം പോലീസിനെ വെട്ടിച്ചു തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങുകയായിരുന്നു വർക്കി. ഷിമോഗയിൽ ടാപ്പിംഗ് ജോലി ചെയ്ത് ഒളിച്ചുതാമസിച്ചിരുന്ന വർക്കി കഴിഞ്ഞ ഏഴുമാസമായി കണ്ണൂരിൽ താമസിച്ചുവരികയായിരുന്നു.
ലോക്ഡൗണിനെത്തുടർന്നു കുറുമുള്ളൂരിൽ തിരികെയെത്തി സഹോദരനൊപ്പം താമസിക്കുന്ന വിവരം പോലീസ് മനസിലാക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽനിന്നു പിടികൂടിയ വർക്കിയെ കുറവിലങ്ങാട് സിഐ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
കൊലപാതകം നടന്ന 1996ൽ കൊല്ലപ്പെട്ട ബെന്നിയും അയൽവാസി വർക്കിയും ടൈൽസ് ജോലിക്കാരായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇവർ സംഭവ ദിവസം ജോലിക്കുശേഷം മടങ്ങിയെത്തുന്പോൾ അയൽവാസിയായ ഒരു സ്ത്രീയുടെ പേരിൽ വഴക്കിട്ടതായാണു പറയുന്നത്.
ബെന്നിയുടെ വീട്ടിലെത്തി മാതാപിതാക്കളോടു ബെന്നിയെ ഇല്ലാതാക്കുമെന്നു വർക്കി ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി ഒന്പതരയോടെ പുതുശേരിൽ അപ്പച്ചന്റെ വീട്ടിൽനിന്നും ടിവി കണ്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന ബെന്നിയെ വർക്കി കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് സമീപത്തുള്ള പുരയിടത്തിലെ കുളത്തിൽ മൃതദേഹം കല്ലുകെട്ടിതാഴ്ത്തിയ നിലയിൽ കണ്ടെത്തി.
ബെന്നിയുടെ നിലവിളികേട്ടു മാതാപിതാക്കളും അയൽവാസികളും നടത്തിയ അന്വേഷണത്തിൽ പുരയിടത്തിൽ ചോരപ്പാടുകൾ കണ്ടിരുന്നു. വർക്കിയുടെ വീട്ടിലെ മുറിയിൽ ഭക്ഷണം വിളന്പിവച്ചനിലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും വർക്കിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കോടതിയിൽ കുറ്റപത്രംനൽകിയിരുന്നു. കോടതി വർക്കിക്കെതിരെ ലോംഗ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ വർക്കി കുറ്റം സമ്മതിച്ചതായി സിഐ കെ.ജെ. തോമസ് പറഞ്ഞു. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.