കണ്ണൂർ: കാറിൽ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവും ഒരുകിലോ ഹാഷിഷ് ഓയിലും അഞ്ചുഗ്രാം എംഡിഎംഎയും പിടികൂടിയ സംഭവത്തിൽ പ്രതികൾ ഉടൻ പിടിയിലാവുമെന്ന് പോലീസ്.
കൊറ്റാളി, മട്ടന്നൂർ സ്വദേശികൾക്കായി പോലീസ് വലവിരിച്ചു കഴിഞ്ഞു.കാറിൽനിന്നു ലഭിച്ച രണ്ട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
ഈ മൊബൈൽ ഫോണുകളിലേക്ക് വന്ന കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തു മയക്കുമരുന്നുകൾ എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.
പ്രതികൾ സംസ്ഥാനം വിട്ടതായാണ് പോലീസ് സൂചന. ഇന്നലെ പുലർച്ചെ ഒന്നോടെ പുല്ലൂപ്പിക്കടുത്തുവച്ചാണ് മയക്കുമരുന്നുകൾ പിടികൂടിയത്.
രാത്രികാല പരിശോധനയ്ക്കിടെ പോലീസിനെ കണ്ടതോടെ രണ്ടംഗസംഘം പുതുതായി നിർമാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാർ കയറ്റിയ ശേഷം വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.
തുടർന്ന്, പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 1.052 കിലോഗ്രാം ഹാഷിഷ് ഓയിൽ അഞ്ചുകിലോഗ്രാം കഞ്ചാവ്, 5.8 ഗ്രാം എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകളും രണ്ടു മൊബൈൽ ഫോണുകളും കണ്ടെത്തി.