കൊച്ചി: കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായതു നാല് യുവാക്കള്‍.
പോലീസ്, എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയുംപേര്‍ കുടുങ്ങിയത്.
തൃക്കാക്കര, കാക്കനാട് മേഖലയില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യംവച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതെന്നാണു വിവരം.
ഓണാഘോഷത്തിനോടനുബന്ധിച്ച് വരും നാളുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
80 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി രണ്ടു യുവാക്കളെയും അരക്കിലോ കഞ്ചാവുമായി മറ്റ് രണ്ടു യുവാക്കളെയുമാണു അധികൃതര്‍ പിടികൂടിയത്.
സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന് (23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ ബാബു (22) എന്നിവരാണ് ഇന്നലെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് കമ്മീഷണറുടെ തെക്കന്‍ മേഖല സ്പെഷല്‍ സ്ക്വാഡ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
കാക്കനാട് അമ്പാടിമൂലയില്നിന്നാണ് എംഡിഎംഎയുമായി അല്‍ അമീനെ എറണാകുളം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സിഐ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് നിലംപതിഞ്ഞമുകളിലെ അപ്പാര്ട്ട്മെന്റല് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി ബിമല്‍ ബാബുവും അറസ്റ്റിലായത്.
രണ്ടു പ്രതികളില്‍ നിന്നായി 174.17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതോടൊപ്പം ഒരു ബൈക്കും 4,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ നാലിന് ലോക്ക്ഡൗണിന്റെ മറവില്‍ വില്പനയ്ക്കായി എത്തിച്ച അരക്കിലോ കഞ്ചാവുമായി പോണേക്കര സ്വദേശി കൃഷ്ണനുണ്ണി (23), കണ്ണൂര്‍ സ്വദേശി അമര്‍നാഥ് (26) എന്നിവരെയാണ് തൃക്കാക്കര പോലീസ് പിടികൂടിയത്.
യുവാക്കള്‍ ജോലി ചെയ്തിരുന്നത് ഐടി മേഖലയിലെന്നു പോലീസ് വ്യക്തമാക്കിയിരുന്നു.
യുവാക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണു പ്രതികള്‍ മയക്കുമരുന്നു വില്‍പ്പന നടത്തിയിരുന്നത്.
പുലര്‍ച്ചെ പോലീസ് പട്രോളിംഗിനിടെ ഭാരത് മാതാ കോളജിനു സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ സ്കൂട്ടര്‍ തള്ളിക്കൊണ്ടു പോവുകയായിരുന്ന പ്രതികളെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഇവരില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.
ഇതിനു പുറമെ കഴിഞ്ഞ ദിവസം 24 ഗ്രാം എംഡിഎംഎയുമായി കലൂര്‍ ഭാഗത്തുനിന്ന് ഷേക്ക് മുഹസിന് എന്നയാളെ എറണാകുളം എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.