കാഞ്ഞിരപ്പള്ളി: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ തർക്കത്തിൽ വെടിയേറ്റ അനുജനു പിന്നാലെ മാതൃസഹോദരനും മരിച്ചു. വെടിയേറ്റു ചികിത്സയിലായിരുന്ന മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്കറിയ (പൂച്ചക്കല്ലിൽ രാജു, 78) ആണ് മരിച്ചത്.
ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.45 നാണ് മരണമടഞ്ഞത്. സ്വത്ത് തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെയും മാതൃസഹോദരനേയും വെടിവെക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിന്പനാൽ രഞ്ജു കുര്യൻ (49) ഇന്നലെ വൈകുന്നേരം നാലിനാണ് വെടിയേറ്റു മരണമടഞ്ഞത്.
തലയ്ക്കും നെഞ്ചിനും വെടിയേറ്റ മാത്യൂസ് സ്കറിയ (പൂച്ചക്കല്ലിൽ രാജു, 78) യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. സംഭവത്തിൽ പ്രതി ജോർജ് കുര്യനെ (52) പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വത്ത് തർക്കത്തെ ചൊല്ലി
ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്താണ് സംഭവം. സ്വത്ത് തർക്കത്തെ ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.
മണ്ണാറക്കയം കരിന്പനാൽ കെ.വി. കുര്യന്റെയും റോസ് കുര്യന്റെയും മക്കളാണ് രഞ്ജുവും ജോർജും. കുടുംബവീട്ടിൽ താമസിച്ചിരുന്ന രഞ്ജു നിലവിൽ മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് ഉൗട്ടിയിലാണ് താമസിക്കുന്നത്.
കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോർജ് കുര്യൻ സാന്പത്തിക ബാധ്യതയിലായിരുന്നു. ഇതേ തുടർന്ന് കുടുംബവീടിനോട് ചേർന്ന് പിതാവിന്റെ ഉടമസ്ഥതിയിലുള്ള രണ്ട് ഏക്കർ 48 സെന്റ് സ്ഥലം ജോർജിന് നൽകി. ഈ സ്ഥലം പ്ലോട്ട് തിരിച്ച് വീട് നിർമിച്ചു വിൽക്കാനായിരുന്നു പ്ലാൻ.
കുടുംബവീടിനോട് ചേർന്ന് വീടുകൾ വരുന്നതിനാൽ 48 സെന്റ് സ്ഥലം ഒഴിവാക്കി പ്ലോട്ട് തിരിക്കണമെന്ന് ജോർജിന്റെ മാതാപിതാക്കളും സഹോദരൻ രഞ്ജുവും ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്ന് ഒരാഴ്ചയായി തർക്കം നടന്നുവരികയായിരുന്നു. ഇത് സംബന്ധിച്ച് മാതൃസഹോദരൻ മാത്യൂസിന്റെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാനാണ് രഞ്ജു കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്.
ഇതിനിടെ രഞ്ജുവും ജോർജും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ജോർജ് തന്റെ കൈയിലുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടി വയ്ക്കുകയുമായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു തൽക്ഷണം മരണമടഞ്ഞു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന് വെടിയേറ്റത്.
വീട്ടിൽ മാതാപിതാക്കൾ മാത്രം
വെടിയൊച്ച കേട്ട അടുത്ത മുറിയിലുണ്ടായിരുന്ന മാതാപിതാക്കളായ കെ.വി.കുര്യനും (84) റോസ് കുര്യനും (75) കതക് തുറന്നപ്പോൾ തോക്കുമായി നിൽക്കുന്ന മകൻ ജോർജ് കുര്യനെ കണ്ട് ഭയന്ന് വീണ്ടും കതകടച്ചതായി പോലീസ് പറഞ്ഞു.
വെടിയൊച്ച കേട്ട ജോലിക്കാരും സമീപവാസികളും വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചത്.
ഗുരുതരാവസ്ഥയിലായ മാത്യുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പോലീസ് എത്തുന്പോൾ ജോർജ് കുര്യൻ വീട്ടിലുണ്ടായിരുന്നു.
ഇയാളിൽനിന്ന് റിവോൾവർ പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്ത് ജില്ലാ പോലീസ് മേധാവി ഡി. ശിൽപ, ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം സ്റ്റേഷനുകളിലെ പോലീസ്, ബോംബ് സ്ക്വാഡ്, ഫോറൻസിക് തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. രഞ്ജുവിന്റെ ഭാര്യ റോഷ്നി കോതമംഗലം മലയിൽ കുടുംബാംഗം. നാല് മക്കളാണ് ഇവർക്ക്.
പ്രതി എത്തിയത് നാനോ കാറിൽ
ജോർജ് കുര്യൻ ഇന്നലെ മണ്ണാറക്കയത്തെ കുടുംബവീട്ടിലേക്ക് സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കെത്തിയത് നാനോ കാറിൽ. സന്തോഷവാനായാണ് ജോർജ് വീട്ടിലേക്ക് കയറി വന്നത്.
അമ്മയോട് സംസാരിച്ച ശേഷം രഞ്ജുവിനോടും മാത്യൂസിനോടും സ്ഥലം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചു. ഇതിനിടെ പ്രകോപിതനായ ജോർജ് ഇരുവരെയും വെടിവയ്ക്കുകയായിരുന്നു.
ലൈസൻസുള്ള റിവോൾവറാണ് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. ജോർജിനെ വിശദമായി ചോദ്യം ചെയ്ത വരികയാണെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ പറഞ്ഞു.
നാടിനെ നടുക്കിയ വെടിയൊച്ച
മണ്ണാറക്കത്ത് സ്വത്ത് തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നെന്ന വാർത്ത കാഞ്ഞിരപ്പള്ളിക്കാർ കേട്ടത് ഞെട്ടലോടെ. കാഞ്ഞിരപ്പള്ളിക്കാർക്ക് കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ഇന്നലെ വൈകുന്നേരം നടന്നത്.
ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വിവരമറിഞ്ഞ് നാട്ടുകാർ സംഭവസ്ഥലത്ത് ഓടിക്കൂടി. ഇരുവരെയും അറിയാമെന്നും ഇവരിൽ നിന്ന് ഇങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചില്ലെന്നും നാട്ടുകാർ പറഞ്ഞു. ഏവർക്കും ഉപകാരിയായിരുന്നു രഞ്ജുവെന്ന് നാട്ടുകാർ പറഞ്ഞു.