ലക്നോ: കർഷക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം ബിജെപിയുടെ തിരക്കഥയാണെന്നു സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ്.
ഒരു കർഷക സംസ്ഥാനത്തെ കർഷക പ്രസ്ഥാനത്തെക്കുറിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അവരുടെ ഭാവിയെ തകർക്കുമെന്നു സാധാരണ രാഷ്ട്രീയക്കാരൻപോലും മനസിലാക്കുമ്പോൾ, ബിജെപിയുടെ ചാണക്യന് ഇത് മനസിലാകുന്നില്ലേയെന്ന് അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
ഹിമാചൽപ്രദേശിലെ മാണ്ഡിയിൽനിന്നുള്ള പാർലമെന്റ് അംഗമായ കങ്കണ റണാവത്ത്, ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിനിടെ, കർഷക സമരത്തിനിടെ ബംഗ്ലദേശിലേതുപോലെയുള്ള സാഹചര്യം ഇന്ത്യയിൽ സംഭവിക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടിയെന്നും കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും കങ്കണ ആരോപിച്ചു. അതേസമയം, കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നാണു ബിജെപി നിലപാട്.