തൃശൂർ: രാത്രിയിൽ കന്നുകാലികൾ വീണ്ടും നഗരത്തിലിറങ്ങി. ശക്തൻനഗറിലെ റോഡിലാണ് ഇന്നലെ രാത്രി ഇരുചക്ര വാഹനക്കാർക്ക് ഭീഷണിയുയർത്തി കന്നുകാലികൾ വിലസിയത്.
ആഴ്ചകൾക്കു മുന്പ് രാത്രിയിൽ കോലോത്തുംപാടത്ത് റോഡിലിറങ്ങിയ കന്നുകാലിയെ ഇടിച്ച് മണ്ണുത്തി സ്റ്റേഷനിലെ പോലീസുകാരൻ മരിച്ചിരുന്നു.
രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് കന്നുകാലിയെ ഇടിച്ചതിനെ തുടർന്ന് റോഡിലേക്കു തെറിച്ചു വീണുമരിച്ചത്.
നഗരത്തിൽ ഭീഷണിയുയർത്തിയ കന്നുകാലികളെ മുഴുവൻ പിടിച്ചുകെട്ടിയിട്ടുണ്ടെന്ന് കോർപറേഷൻ പറയുന്നുണ്ടെങ്കിലും ഇപ്പോഴും രാത്രിയിൽ നഗരത്തിൽ കന്നുകാലികൾ അലയുകയാണ്.
വെളിച്ചമുള്ള സ്ഥലത്തു നിന്നാൽ മാത്രമേ കന്നുകാലികളെ കാണാനാകൂ. കറുത്ത നിറമായതിനാൽ ഇരുട്ടത്ത് പെട്ടന്ന് കാണാനാകില്ല.