ചാവശേരി: ബംഗളൂരുവിൽനിന്നു വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ റോഡിലെ വെള്ളത്തിൽ മുങ്ങി. ഇന്നു രാവിലെ ആറോടെ വെളിയമ്പ്ര കൊട്ടാരത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു .
കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്നു കൊട്ടാരം-പെരിയത്തിൽ റോഡ് കഴിഞ്ഞ ദിവസം രാത്രിയിൽ അടച്ചിരുന്നു. തോട് നിറഞ്ഞു കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് റോഡ് വെള്ളത്തിലായത്.
ഇതറിയാതെ പെരിയത്തിൽ നിന്നു വന്ന കാർ വെള്ളത്തിലൂടെ കൊട്ടാരം ഭാഗത്തേക്ക് വരുന്നതിനിടെ കാറിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി രക്ഷപ്പെട്ടു.
ബംഗളൂരുവിൽ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാർ. കാർ ഒഴുകി പോകുന്നതിന് മുമ്പ് രാവിലെ ഒമ്പതോടെ ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽനിന്നു പുറത്തെടുത്തു. മുമ്പ് ഈ പ്രദേശത്തെ വീടുകളിൽ അടക്കം വെള്ളം കയറിയിരുന്നു