കണ്ണൂര്‍ (പരിയാരം): കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്കി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണു രണ്ട് ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്.
ഇതാദ്യമായാണു കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കുന്നത്. ഐവിഎഫ് ചികിത്സവഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ടു കുട്ടികള്‍ക്കു ജന്മം നല്‍കുന്നത് രാജ്യത്തും ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടുന്ന അന്‍പതാമത്തെ കോവിഡ് പോസിറ്റീവ് ഗര്‍ഭിണിയാണ് ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്.
ഇവിടെ ശസ്ത്രക്രിയവഴിയുള്ള ഒന്‍പതാമത്തെ പ്രസവമാണിത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്, അസോസിയേറ്റ് പ്രഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണു പൂര്‍ണ സുരക്ഷാ സംവിധാനങ്ങളോടെ ശസ്ത്രക്രിയ നടത്തിയത്.
ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും കോവിഡ് രോഗത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും ശസ്ത്രക്രിയ സങ്കീര്‍ണമാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയുടെയും കുഞ്ഞുങ്ങളുടേയും ആരോഗ്യനില നിലവില്‍ ആശങ്കാജനകമല്ല.
സംസ്ഥാനത്ത് ആദ്യമായി ഒരു കോവിഡ് പോസിറ്റീവ് രോഗി പ്രസവിച്ചതും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു.