പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനായി പൊതുവഴിയിൽ പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെയാണ് മലയാലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്. മലയാലപ്പുഴ പോലീസ് സ്റ്റേഷനു തൊട്ടടുത്താണ് നടുറോഡിൽ ആഘോഷം നടന്നത്. സംഭവദിവസം തന്നെ വിഷയം പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
ഒരു മാസം മുന്പ് സിപിഎമ്മിൽ അംഗത്വം എടുത്ത മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രന്റെ പിറന്നാളാഘോഷമാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മലയാലപ്പുഴ – മണ്ണാരക്കുളഞ്ഞി റോഡിൽ നടന്നത്. ‘കാപ്പ’ എന്ന് പ്രത്യേകം എഴുതിയ കേക്ക് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചു.
ഇവരിൽ പോലീസ് രേഖകളിൽ പിടികിട്ടാപ്പുള്ളിയായ എസ്. സുധീഷ് കുമാർ എന്നയാളുമുണ്ടായിരുന്നു. കഴിഞ്ഞ നവംബറിൽ എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചുവെന്ന പേരിൽ എടുത്ത കേസിലെ നാലാം പ്രതിയാണ് സുധീഷ് കുമാർ. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് റിപ്പോർട്ട്. ശരൺ ചന്ദ്രനോടൊപ്പം സിപിഎം അംഗത്വം എടുക്കാനും സുധീഷ് ഉണ്ടായിരുന്നു.
നടുറോഡിൽ കാർ നിർത്തിയിട്ട് അതിന്റെ ബോണറ്റിൽ അഞ്ചുതരം കേക്കുവച്ചാണ് ആഘോഷം നടത്തിയത്. ഇതിലൊന്നിലാണ് കാപ്പ എന്ന് എഴുതിയിരുന്നത്. ശരണിന്റെയും ഒപ്പമുണ്ടായിരുന്ന 25 പേരുടെയും പേരിൽ പോലീസ് കേസെടുത്തു.കാപ്പ നിയമത്തിന്റെ പേര് കേക്കിൽ എഴുതി ചേർത്തതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്.
അമ്പതിലേറെപ്പേർ പങ്കെടുത്ത ആഘോഷം ഇവർതന്നെ റീലുകളാക്കി പ്രചരിപ്പിച്ചിരുന്നു. മാധ്യമങ്ങളെയും പാർട്ടി നേതൃത്വത്തെയും വെല്ലുവിളിക്കുന്ന തരത്തിൽ പ്രചരിപ്പിച്ച റീലുകൾക്കെതിരേ രൂക്ഷമായ വിമർശനമാണുയർന്നത്. ഒരു വിഭാഗം പാർട്ടി നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്കുള്ള അതൃപ്തി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
ശരൺ ചന്ദ്രൻ ഉൾപ്പെടെ 62 പേർക്കാണ് ഒരുമാസം മുന്പ് പാർട്ടി അംഗത്വം നൽകിയത്. ബിജെപി അനുഭാവികളായിരുന്ന ഇവർ സിപിഎമ്മിലേക്ക് എത്തിയപ്പോൾ സ്വീകരിക്കാനായി മന്ത്രി വീണാ ജോർജും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ളവർ എത്തിയിരുന്നു. പിന്നാലെ ഇവർക്കെതിരേയുള്ള കേസുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾ പഴയ കേസുകൾ എന്ന പേരിൽ ന്യായീകരിക്കാനാണ് സിപിഎം ശ്രമിച്ചത്.
പാർട്ടി അംഗത്വമെടുത്ത യുവമോർച്ച നോവിനെതിരേയും കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്ന യുവമോർച്ച മുൻ ജില്ലാ ട്രഷറാർ ജിഷ്ണു മോഹനെതിരേയുമുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പുറത്തുവന്നു തുടങ്ങി. ലഹരിക്കേസുകളും ആക്രമണക്കേസുകളും അടക്കമുള്ളവയാണ് ജിഷ്ണുവിനെതിരേയുള്ളത്.
2021ലെ പുതുവർഷദിനത്തിൽ കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിൽ കാറുടമയെയും സഹോദരനെയും സംഘം ചേർന്ന് ആക്രമിച്ചതിനു വധശ്രമക്കേസ് ഉൾപ്പെടെ ജിഷ്ണുവിനെതിരേ ചുമത്തിയിരുന്നു. 2018ലും 2022ലും എക്സൈസുമായി ബന്ധപ്പെട്ട കേസുകളിലും ഇയാൾ പ്രതിയാണ്. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നേരത്തേതന്നെ ജിഷ്ണു മോഹനെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നതായി യുവമോർച്ച ജില്ലാ ഭാരവാഹികൾ പറഞ്ഞു.