പാക്കിസ്ഥാൻ ഭീകരരും സൈനികരുമടങ്ങുന്ന സംഘം നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറി ജമ്മു-കാഷ്മീരിലെ കാർഗിൽ ജില്ലയിൽപ്പെട്ട നിരവധി ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൈയടക്കി. ഇതു ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ സൈന്യം ഇന്ത്യൻ ഭൂപ്രദേശം മോചിപ്പിക്കാൻ നടത്തിയ പോരാട്ടമാണ് കാർഗിൽ യുദ്ധമെന്ന് അറിയപ്പെടുന്നത്. ‘ഓപ്പറേഷൻ വിജയ്’ എന്നു പേരിട്ട ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൈനികപരമായും നയതന്ത്രപരമായും വൻ വിജയമായിരുന്നു.
1999 മേയ് മൂന്നിന് ആരംഭിച്ച യുദ്ധം ജൂലൈ 26ന് അവസാനിച്ചു. 83 ദിവസത്തോളം നീണ്ടുനിന്ന യുദ്ധത്തില്‍ ഏകദേശം 527 ധീരസൈനികരാണ് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത്. 1363 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
1999ലെ മഞ്ഞ് മൂടിയ മേയ് മാസത്തിലായിരുന്നു കാർഗിലിന്റെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയുള്ള പാക്കിസ്ഥാന്റെ കടന്നുവരവ് ഉണ്ടായത്. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറിയ പാക് ഭീകരരും പാക് സൈനികരും 5307 മീറ്റർ ഉയരത്തിലുള്ള ടൈഗർ ഹില്ലിൽ തന്പടിച്ചു. ടൈഗർ ഹില്ലിലിരുന്ന് ഇന്ത്യൻ സൈന്യത്തിന്റെ നീക്കങ്ങൾ കൃത്യമായി മനസിലാക്കാനും നേരിടാനും ശത്രുക്കൾക്ക് കഴിഞ്ഞിരുന്നു. അതിനാൽ ടൈഗർ ഹിൽ കീഴടക്കുക എന്നതായിരുന്നു കാർഗിൽ യുദ്ധത്തിൽ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
ജീവൻ പണയംവച്ചും ടൈഹർ ഹിൽസ് കീഴടക്കാനുള്ള ധൈര്യം ഇന്ത്യൻ സൈനികർ പ്രകടിപ്പിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ കാർഗിൽ യുദ്ധത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. നിരവധി ഇന്ത്യൻ സൈനികർക്ക് പാക് സൈന്യത്തിന്റെയും നുഴഞ്ഞുകയറ്റക്കാരുടെയും ആക്രമണത്തിൽ വീരമൃത്യു വരിക്കേണ്ടിവരുമായിരുന്നു. 1999 ജൂലൈ എട്ടിനാണ് ഇന്ത്യൻ സൈന്യം ടൈഗർ ഹിൽസ് കീഴടക്കിയത്.
കാർഗിൽ യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച സുപ്രധാന നാഴികക്കല്ലായിരുന്നു ടൈഗർ ഹിൽസ് കീഴടക്കൽ. ഒടുവില്‍ പാക്കിസ്ഥാന് കൈവശപ്പെടുത്തിയ എല്ലാ പ്രദേശങ്ങളും തിരികെ പിടിച്ചാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായിരുന്നു അത്.
യുദ്ധത്തിൽ തങ്ങളുടെ 453 സൈനികർ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം. അമേരിക്കയുടെ നിഗമനപ്രകാരം 700 പാക് സൈനികർ കൊല്ലപ്പെട്ടു. എന്നാൽ, പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2003 ഓഗസ്റ്റിൽ പറഞ്ഞത് കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാന് 4000ത്തോളം സൈനികരെ നഷ്ടപ്പെട്ടെന്നാണ്.