കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാറിനെ സ്ഥലം മാറ്റി. ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹെഡ് ഓഫീസിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. നേരത്തെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂര്‍ കേസിന്റെ അന്വേഷണ മേല്‍നോട്ടം.
കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ ചെന്നെയില്‍ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും.
ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്, പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും അന്വേഷിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ്.