ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, തട്ടിയെടുത്ത കോടികള്‍ കൈമറിഞ്ഞ വഴികളും അതു കൈപ്പറ്റിയവരെയും കണ്ടെത്താന്‍ ഇഡി നീക്കം ശക്തമാക്കി.
ഇടനിലക്കാര്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടങ്ങള്‍, തുക കൈമാറിയ രീതികള്‍, ഏതെല്ലാം ബാങ്കുകളില്‍ നിക്ഷേപിച്ചു, തട്ടിപ്പിന് ഒത്താശയും സംരക്ഷണവും നല്‍കിയതാര് എന്നീ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനായി വായ്പ ലഭിച്ചവര്‍, ഇടനിലക്കാര്‍, ബിനാമികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പത്തോളം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. തൃശൂര്‍ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ പി. സതീഷ്കുമാറാണ് മുഖ്യപ്രതി.
150 കോടി രൂപയോളം വ്യാജപ്പേരുകളില്‍ വായ്പയായി ഇയാള്‍ തട്ടിയെടുത്തു. ഈ തുക എവിടേക്ക് പോയെന്ന് കണ്ടെത്തും. രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഇയാളെന്നാണ് ഇഡിക്ക് ലഭിച്ച മൊഴികള്‍.
ഇയാളുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന കെ.എ. ജിജോര്‍ നല്കിയ മൊഴിയില്‍ തട്ടിപ്പുകാലത്തെ ഭരണസമിതിയുമായി ബന്ധമുള്ള ഉന്നതരെക്കുറിച്ചും പരാമര്‍ശങ്ങളുമുണ്ട്. വായ്പയായി തട്ടിയെടുത്ത തുകയില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയെന്നാണ് സൂചന.
നേതാക്കള്‍ക്ക് സ്വാധീനമുള്ള മറ്റു സഹകരണ ബാങ്കുകളെ ഇടപാടുകള്‍ക്ക് മറയാക്കിയതായി ഇഡി സംശയിക്കുന്നു.തട്ടിപ്പുതുക വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും, സഹകരണ, ഷെഡ്യൂള്‍ഡ്, സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചതായും കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങിയവ വാങ്ങി കൂട്ടിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. പണമിടപാടുകളുടെ രേഖകള്‍ പലതും നശിപ്പിച്ചതായും തട്ടിയെടുത്ത പണം കള്ളപ്പണ, ഹവാല ഇടപാടുകള്‍ക്ക് വിനിയോഗിച്ചതായും ഇഡിക്ക് വ്യക്തമായി.
പണമിടപാടുകള്‍ പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണെന്നും വായ്പ ലഭിച്ചവര്‍ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളാണെന്നും ഇഡിക്കു ബോധ്യമായിട്ടുണ്ട്.