കൊച്ചി: കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി കെ.മുഹമ്മദ് ഹസനെ ഇന്ന് രാവിലെ 9.30-ന് കൊച്ചിയിലെത്തിച്ചു.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം പാലാരിവട്ടം പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിനുശേഷം സംസ്ഥാനം വിട്ട ഇയാളെ ഇന്നലെ കാസർഗോഡ് നിന്നാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കൊല ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് ഇയാൾ ഇതുവരെ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ഇന്ന് തെളിവെടുപ്പ് ഉണ്ടാകും.
സംഭവത്തിനുശേഷം വയനാട് വഴി കേരള-കർണാടക അതിർത്തിയിലേക്ക് കടന്ന ഹസനെ പിടികൂടാൻ കൊച്ചി സിറ്റി പോലീസ് കർണാടക പോലീസിന്റെ സഹായം തേടിയിരുന്നു.
ഇയാൾ കൊച്ചിയിൽനിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്നാണ് സൂചന.
അതിനിടെ ഹസനെ കൊലപാതകത്തിന് ശേഷം കലൂരിൽനിന്നും കാറിൽ രക്ഷപ്പെടാൻ സഹായിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സിദ്ദു രവീന്ദ്രനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.കൊച്ചി പനയപ്പിള്ളി അമ്മൻകോവിൽ പറന്പിൽ ചെല്ലമ്മ വീട്ടിൽ രാധാകൃഷ്ണന്റെ മകൻ എം.ആർ. രാജേഷ്(27) ആണ് 24ന് രാത്രി കുത്തേറ്റ് മരിച്ചത്.
കൊലപാതകശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനുമുന്നിൽ സ്വകാര്യ പരിപാടിയുടെ ഭാഗമായി രാത്രി വൈകി നടന്ന ലേസർഷോയ്ക്കും ഗാനമേളയ്ക്കുമിടെയിലായിരുന്നു കൊലപാതകം.
പരിപാടിക്കിടെ മുഹമ്മദ് ഹസൻ പരിപാടിക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയിരുന്നു. ഷോയുടെ ലൈറ്റിംഗ് ജോലികൾ ഏറ്റെടുത്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് ഇത് ചോദ്യം ചെയ്തു.
വിഷയം സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ രാത്രി എട്ടരയോടെ മുഹമ്മദ് ഹസനെ പരിപാടിയിൽ നിന്ന് പുറത്താക്കി.
ഷോ കഴിഞ്ഞ് 12ഓടെ ലൈറ്റുകളും മറ്റും അഴിച്ചുമാറ്റുന്നതിനിടെ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ മുഹമ്മദ് ഹസൻ, രാജേഷുമായി വാക്കുതർക്കവും കൈയേറ്റവുമുണ്ടായി. ഇതിനിടെ ഇതിനിടെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് രാജേഷിനെ കുത്തുകയായിരുന്നു.