മുക്കം: ഒരു ലോക ആനദിനം കൂടി കടന്നുപോവുന്പോൾ കേരളത്തിലെ കാട്ടാനകളുടെ മാത്രമല്ല നാട്ടാനകളുടെ എണ്ണവും കുറഞ്ഞു വരുന്നതിന്റെ ആധിയിലാണ് ആനയുടമകളും ആനക്കന്പക്കാരും.
ഒരു കാലത്ത് തറവാടുകളുടെ പ്രൗഢിയുടെ പ്രതീകമായിരുന്നു ആനകൾ. അത്തരം തറവാടുകൾ ക്ഷയിച്ചു പോയതും ആനയുടമകൾ നേരിടുന്ന സാന്പത്തികമടക്കമുള്ള പ്രതിസന്ധികളുമാണ് കേരളത്തിൽ നാട്ടാനകളുടെ എണ്ണം കുറയാൻ കാരണം.
സംസ്ഥാന വനം വകുപ്പിന്റെ സെൻസസ് പ്രകാരം നിലവിൽ കേരളത്തിൽ ആകെ 521 നാട്ടാനകളാണുള്ളത്. വിവിധ ദേവസ്വം, ട്രസ്റ്റി ബോർഡുകളുടെയും സ്വകാര്യവ്യക്തികളുടെയും കൈവശമുള്ള 401 കൊന്പൻമാരും 98 പിടിയാനകളും 22 മോഴകളും ഉൾപ്പെടെയാണിത്.
വനം വകുപ്പധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാവശ്യ ഇടപെടലുകളും നിയമത്തിന്റെ നൂലാമാലകളും ആനകളുടെ തീറ്റയുൾപ്പടെയുള്ള വർധിച്ചുവരുന്ന ചെലവുമാണ് പലരും ഈ രംഗത്തുനിന്ന് പിൻവാങ്ങാൻ കാരണമാവുന്നത്.
വരുന്ന പത്തു വർഷത്തിനുള്ളിൽ കേരളത്തിൽ നാട്ടാനകളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടാകുമെന്ന് തൃക്കളയൂർ സ്വദേശിയും ആനയുടമയുമായ കൊളക്കാടൻ നാസർ പറയുന്നു.
നാസറിനും സഹോദരൻ സുബൈറിനും നാല് കൊന്പനും ഒരു പിടിയാനയുമുൾപ്പെടെ അഞ്ചു ആനകളാണുള്ളത്. കോവിഡ് കാലത്ത് നാട്ടാനകൾക്കായി സർക്കാർ അനുവദിച്ച ഖരാഹാര വിതരണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ഇദ്ദേഹം ആരോപിക്കുന്നു.
മലപ്പുറം ജില്ലയിൽ നിലവിൽ ജീവനോടെയിരിക്കുന്ന പതിനഞ്ചു ആനകളിൽ വെറും അഞ്ചു ആനകൾക്ക് മാത്രമാണ് ഇത് ലഭിച്ചതെന്നും ഇതിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി കാത്തിരിക്കുകയാണെന്നും മറുപടി ലഭിച്ചാൽ നിയമ നടപടികളിലേക്ക് നീങ്ങുമെന്നും നാസർ പറഞ്ഞു.