അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത് മേഖലയിൽ വന്യജീവി ശല്യം രൂക്ഷം.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് ചൂരനോലിൽ ചാക്കോ പൗലോസിന്റെ വീടിനോടു ചേർന്ന കൂട്ടിൽ കെട്ടിയിരുന്ന രണ്ടാടുകളെ അജ്ഞാത ജീവി കൊന്നത്.
പ്രദേശത്തു പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനയുടെയും കാട്ടുപന്നിയുടെയും സാന്നിധ്യത്തിനു പുറമെ കാട്ടുപോത്തിന്റെയും പുലിയുടെയും സാന്നിധ്യം കൂടിയായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ഭയമാണെന്നു നാട്ടുകാർ പറയുന്നു.
കാട്ടുപോത്തിന്റെ മുന്പിലകപ്പെട്ട രണ്ടു പേർ കഴിഞ്ഞ ദിവസം തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ള വന്യജീവികളെ തുരത്താൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി
മൂന്നാർ: കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 12നായിരുന്നു സംഭവം. ദേവികുളം റേഞ്ചിലെ അരുവിക്കാട് സെക്ടറിൽ നെറ്റിക്കുടി ഭാഗത്താണ് കാട്ടുപോത്തിന്റെ തലയും കാലും മറ്റു ശരീരഭാഗങ്ങളും നാട്ടുകാർ കണ്ടത്.
ദേവികുളം റേഞ്ച് ഓഫീസർ പി.എസ്.സജീവിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി മഹസർ തയാറാക്കി.
വെറ്ററിനറി ഡോക്ടർ പരിശോധന നടത്തിയശേഷം തൊണ്ടി മുതൽ ദേവികുളം കോടതിയിൽ ഹാജരാക്കി. നാലു മാസം പ്രായമുള്ള കാട്ടുപോത്തിനെയാണ് കൊന്നതെന്നു വനപാലകർ പറഞ്ഞു.