കുന്നംകുളം: മദ്യപിക്കാൻ പണം നൽകിയില്ലെന്ന് കാരണത്താൽ മകൻ അമ്മയെ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മാതാവ് മരിച്ചു.
പുന്നയൂർക്കുളം ചമ്മന്നൂർ തലക്കാട്ടിൽ വീട്ടിൽ ശ്രീമതിയാണ് (75) മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
സംഭവത്തോടനുബന്ധിച്ച് ശ്രീമതിയുടെ മകൻ മനോജിനെ(53) വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
മദ്യപിക്കാൻ പണം ചോദിച്ച് അമ്മയെ മനോജ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇത്തരത്തിൽ പണം ആവശ്യപ്പെട്ടു.
പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയുടെ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ശ്രീമതിയുടെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളും മകളും ചേർന്ന് പൊള്ളലേറ്റ അമ്മയെ ആദ്യം കുന്നംകുളം റോയൽ ആശുപത്രിയിലും 85 ശതമാനം പൊള്ളലേറ്റു ഗുരുതരമായ തിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ഇന്നലെ രാത്രിയോടെ അമ്മ മരിച്ചു.
സംഭവ സമയം ഇരു കണ്ണുകളുടെയും കാഴ്ച്ച നഷ്ടപെട്ട മറ്റൊരു മകൻ അടക്കം മൂന്ന് പേർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
പോലീസ് മൊബൈൽ ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത മനോജിനെ വടക്കേക്കാട് പോലീസ് തെളിവെടുപ്പിനായി ഇന്നലെ വീട്ടിൽ കൊണ്ടുവന്നിരുന്നു.
പരേതനായ കുട്ടൻ ആണ് ശ്രീമതിയുടെ ഭർത്താവ്. സുരേന്ദ്രൻ, സജി, യമുന, ധന്യ എനിവർ മറ്റു മക്കളാണ്. മൃതദേഹം ഇന്ന് സംസ്കരിക്കും.