കൊട്ടിയം : ബീഹാർ സ്വദേശിയുടെ കടയിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. കണ്ണനല്ലൂർ ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം ബീഹാർ സ്വദേശിയായ കീർത്തി കുമാർ (18) നടത്തിവന്ന കടയിൽ നിന്നാണ് കച്ചവടത്തിനായി സൂക്ഷിച്ചുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ണനല്ലൂർ പോലീസ് പിടിച്ചെടുത്തത്.
കോട്പ നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.എസ്എച്ച്ഒ വി.ജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അരുൺഷാ, എഎസ്ഐ ഹരി സോമൻ, എസ്സിപിഒ ഹുസൈൻ, ദിനേശ്, എന്നിവരുടെ സംഘമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
കണ്ണനല്ലൂർ പ്രദേശത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണെന്ന് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. കച്ചവടവും കൈമാറ്റവും രഹസ്യമാണെന്ന് മാത്രം.
സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വർധിച്ചിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ രഹസ്യ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇക്കൂട്ടത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിചയക്കാര്‍ക്കും സ്ഥിരം ഉപഭോക്താക്കള്‍ക്കും മാത്രമേ ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും സാധനങ്ങള്‍ നല്‍കൂ.
വിദ്യാര്‍ഥികളും യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യക്കാരുടെ കൂട്ടത്തിലുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും ഇത്തരം വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നുമാണ് സാധനങ്ങള്‍ വാങ്ങുന്നത്.
അധ്യയന വര്‍ഷം ആരംഭിച്ചതോടെ ജില്ലയിലെ ടൗണുകളും സ്കൂള്‍ പരിസരങ്ങളും കേന്ദ്രീകരിച്ച് പോലീസ് പരിശോധന കര്‍ശനമാക്കി. സ്കൂള്‍ പരിസരങ്ങളില്‍ പുകയില – ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പൂര്‍ണമായും തടയുമെന്ന് കണ്ണനല്ലൂർ എസ്എച്ച്ഒ ജയകുമാർ.വി പറഞ്ഞു.
ഇതിന്റെ ഭാഗമായി സ്കൂളുകളുടെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കടകളിലും പരിശോധന നടത്തും.