കൂട്ടിക്കലില്‍ കേരള ബാങ്കിന്റെ ജപ്തി നടപടി നേരിടുന്ന പരുവക്കാട്ടില്‍ ദാമോദരൻ കോട്ടയത്ത് കേരള ബാങ്കിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയ്ക്കിടെ വിതുമ്പിയപ്പോൾ.ഭാര്യ വിജയമ്മ സമീപം.-ജോണ്‍ മാത്യു.
മുണ്ടക്കയം: പ്രളയ ദുരിതബാധിത മേഖലയിൽ ജപ്തി നടപടി ഉണ്ടാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറയുമ്പോഴും ജപ്തിനടപടിയുമായി മുന്നോട്ടു പോകുകയാണു കേരള ബാങ്കിന്റെ ഏന്തയാർ ശാഖ.
വൃദ്ധദമ്പതികളായ കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാര്‍ പരുവക്കാട്ടില്‍ ദാമോദരന്‍ (77), ഭാര്യ വിജയമ്മ(72)എന്നിവരാണ് സ്വന്തം കിടപ്പാടം നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്നത്.
2012ലാണ് ആകെയുണ്ടായിരുന്ന 10 സെന്റ് സ്ഥലം ഈടുവച്ച് വീട് പണിയുന്നതിനായി അഞ്ചു ലക്ഷം രൂപ രണ്ടു പേരുടെയും പേരിൽ ഭവനവായ്പ എടുത്തത്.
വീടുനിര്‍മാണം പൂര്‍ത്തിയായി വായ്പ തിരിച്ചടച്ചു വരുന്നതിനിടയില്‍ ദാമോദരന്‍ ഹൃദയാഘാതമുണ്ടായി ചികിത്സയിലായി. ഇതോടെ മേസ്തിരിപ്പണിക്കാരനായ ദാമോദരന്‍ തിരിച്ചടവ് പ്രതിസന്ധിയിലായി.
വിജയമ്മയ്ക്കാവട്ടെ തൈറോയിഡ് രോഗവും പിടിപെട്ടു. സര്‍ക്കാര്‍ നല്കുന്ന പെന്‍ഷനല്ലാതെ ഇരുവര്‍ക്കും മറ്റു വരുമാനങ്ങളൊന്നും ഇല്ലാത്ത അവസ്ഥയായി.
വായ്പ കുടിശികയായതോടെ ബാങ്ക്അധികാരികള് വീട്ടില്‍ കയറിയിറങ്ങി. ഇതിനിടയിൽ മഹാപ്രളയം വന്ന് മേഖലയാകെ ദുരിതത്തിലായി.ആറുമാസം മുമ്പ് ബാങ്കുകാരെത്തി 18 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കണമെന്നും അല്ലാത്തപക്ഷം വീടും പുരയിടവും ജപ്തി ചെയ്യുമെന്നും അറിയിച്ചു. ഒരു ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും അതു പലിശയില്‍ മാത്രമായി ഒതുങ്ങി.
അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത് 18 ലക്ഷമായി ഉയർന്നതോടെ എന്തുചെയ്യണമെന്നറിയാതെ ഈ വയോധികർ ബുദ്ധിമുട്ടി. ഇതിനിടയില്‍ ബാങ്കുകാരെത്തി ഒറ്റത്തവണ തീര്‍പ്പാക്കലില്‍ ഉള്‍പ്പെടുത്തി ഒന്‍പതു ലക്ഷം രൂപ അടച്ചാല്‍ മതിയെന്നു പറഞ്ഞതോടെ വീടും സ്ഥലവും വില്ക്കാന് തീരുമാനിച്ചു.
കച്ചവടം ഉറപ്പിച്ചു ബാങ്കിലെത്തിയെങ്കിലും 16 ലക്ഷം അടച്ചാല്‍മാത്രമേ പ്രമാണം തിരിച്ചുതരാനാവൂ എന്ന നിലപാടിലായി ബാങ്ക് അധികൃതർ. ഇതോടെ കച്ചവടം മുടങ്ങി.
ദുരിതത്തിലായ വൃദ്ധദമ്പതികളുടെ വീടിനു മുന്നില്‍ ജപ്തി നോട്ടീസും പതിച്ചു. 28ന് സ്ഥലവും വീടും ലേലം ചെയ്യാന്‍ നടപടിയും പ്രഖ്യാപിച്ചു കഴിഞ്ഞദിവസം നോട്ടീസും നല്കി. പ്രളയവും രോഗവും മൂലം ദുരിതത്തിലായ ഈ വൃദ്ധദമ്പതികളാണ് ജപ്തി ഭീഷണിയിൽ കഴിയുന്നത്.
2021ൽ ഉണ്ടായ പ്രളയത്തിൽ വലിയ നാശനഷ്ടമുണ്ടായ പഞ്ചായത്താണ് കൂട്ടിക്കൽ. ഇവിടെ ജപ്തി നടപടികൾ ഉടൻ ഉണ്ടാകില്ലെന്ന് വകുപ്പ് മന്ത്രി വി.എൻ. വാസവൻ പലതവണ ആവർത്തിച്ചു പറയുമ്പോഴും ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ് ബാങ്ക് അധികൃതരുടെ നടപടി മുന്നോട്ടു നീങ്ങുന്നത്.
തങ്ങളുടെ ദുരിതത്തിനു പരിഹാരം കാണുവാൻ അധികാരികള്‍ തയാറാകണമെന്നും പലിശ ഒഴിവാക്കി മുതല്‍ തിരിച്ചടയ്ക്കാന്‍ കാലാവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കോട്ടയത്ത് കേരള ബാങ്കിന്റെ റീജണൽ ഓഫീസിനു മുന്പിൽ ധർണ നടത്തി.