രാജ്യത്ത് കോവിഡ് ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന സംസ്ഥാനമായി കേരളം. തിരിച്ചറിയുന്ന കോവിഡ് രോഗികളുടെ 36 ഇരട്ടി തിരിച്ചറിയാത്ത രോഗികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പറയുന്നത്.
ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കേരളത്തിലെ പരിശോധനാ ഫലത്തെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നാല്‍ ഈ കണക്കില്‍ മാറ്റങ്ങളുണ്ടാകാം.
അണ്‍ലോക്കിങ് പ്രക്രിയയും മലയാളിയുടെ ഓണ ആഘോഷങ്ങള്‍ക്ക് പിന്നാലെയുമാണ് രോഗബാധിതര്‍ ഇരട്ടിയായി കുതിച്ചുയരുന്നത്. ഓണത്തിന് മുന്‍പ് വരെ ആയിരം രോഗികള്‍ റിപ്പോര്‍ട്ട ചെയ്ത കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിന് അടുത്തെത്തി നില്‍ക്കുകയാണ്.
ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ആ കണക്കുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു.
ടെസ്റ്റുകള്‍ നടത്തുന്നതിലുള്ള പ്രാദേശിക വ്യത്യാസങ്ങളും സീറോളജിക്കല്‍ സര്‍വേ നടത്തിയ മേഖലകളുടെ പ്രത്യേകതയുമൊക്കെ കണക്കില്‍ മാറ്റംവരുത്താനിടയുണ്ട്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആര്‍ പുറത്തുവിട്ടിട്ടില്ല.
ഇപ്പോള്‍ രണ്ടു ലക്ഷത്തോളം കോവിഡ് ബാധിതര്‍ കേരളത്തിലുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതിന്റെ 36 ഇരട്ടി എന്നു പറയുമ്പോള്‍ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാം എന്നാണ് കരുതുന്നത്.
ഈ മാസം പകുതിയോടെ തിരിച്ചറിയുന്ന കോവിഡ് രോഗികളുടെ എണ്ണം 3.5 ലക്ഷത്തിലെത്തുമെന്നാണ് കരുന്നത്. അതേസമയം, നിലവിലുള്ളതിന്റെ 10,15 ഇരട്ടി വരെ മാത്രമേ തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് ഡോ. പത്മനാഭ ഷേണായ് പറഞ്ഞു.
സീറോളജിക്കല്‍ സര്‍വേയില്‍ ഉപയോഗിക്കുന്ന കിറ്റിന്റെ കൃത്യതക്കുറവു മൂലം ഫാള്‍സ് പോസിറ്റീവ് സാധ്യത കൂടുതലായതുകൊണ്ടാണ് ഈ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് അറിയാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും 14 ജില്ലകളിലും സീറോളജിക്കല്‍ സര്‍വേ നടത്തണമെന്ന് വിദഗ്ധസമിതി നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
രാജ്യത്തു കോവിഡ് ബാധ ഏറ്റവും തീവ്രം കേരളത്തിലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) പഠനം. കേരളത്തിലെ കോവിഡ് വര്‍ധനത്തോത് (മൂവിങ് ഗ്രോത്ത് റേറ്റ് എംജിആര്‍) ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ്.
കേരളത്തില്‍ ഒരാഴ്ചത്തെ എംജിആര്‍ 28 ആണ്. ദേശീയതലത്തില്‍ 11 മാത്രം. 30 ദിവസത്തെ എംജിആര്‍ രാജ്യത്ത് 45 ആണെങ്കില്‍ കേരളത്തില്‍ 98.
താരതമ്യേന ടെസ്റ്റുകള്‍ കുറവെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയിലും പുതുച്ചേരിയിലും കോവിഡ് ബാധിതര്‍ വര്‍ധിച്ചപ്പോള്‍ പരിശോധന ഇരട്ടിയോളം കൂട്ടി. ഡല്‍ഹിയില്‍ ഓരോ 10 ലക്ഷം പേരിലും 1,53,565 പേര്‍ക്കു കോവിഡ് പരിശോധന. പുതുച്ചേരിയില്‍ 1,21,370. കേരളത്തില്‍ 76,109 മാത്രം.