കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു നിർണായക പോരാട്ടത്തിനിറങ്ങും. ഗ്രൂപ്പ് സിയിൽ ബംഗളൂരു എഫ്സിയാണു കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഇന്നു ജയിച്ചാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷയ്ക്കു മങ്ങലേൽക്കാതെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിനു സാധിക്കൂ. വൈകുന്നേരം 6.00നാണു കിക്കോഫ്.
ഗ്രൂപ്പ് സിയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 3-4ന് ഗോകുലം കേരള എഫ്സിയോട് പരാജയപ്പെട്ടു. രണ്ടാംനിരയുമായി എത്തിയ ബംഗളൂരു തങ്ങളുടെ ആദ്യമത്സരത്തിൽ ഇന്ത്യൻ എയർ ഫോഴ്സുമായി 1-1 സമനിലയിൽ പിരിഞ്ഞിരുന്നു.
രണ്ടു ജയം നേടിയ ഗോകുലം കേരള നോക്കൗട്ടിന്റെ വക്കിലാണ്. ഇന്നു ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് ഭാവി തുലാസിലാകും. ഓരോ ഗ്രൂപ്പിലെയും ചാന്പ്യന്മാർ നേരിട്ട് ക്വാർട്ടറിൽ പ്രവേശിക്കും. മികച്ച രണ്ടാം സ്ഥാനക്കാരായി രണ്ടു ടീമുകൾക്കും ക്വാർട്ടറിൽ ഇടംപിടിക്കാനുള്ള അവസരമുണ്ട്.