ഇതു കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയാവും ! ഡ്രൈവിംഗ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാന്‍ തിരക്കിട്ട നീക്കം; ഡ്രൈവിംഗ്‌സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ കഞ്ഞികുടി മുട്ടിക്കാനുള്ള നീക്കങ്ങള്‍ ഇങ്ങനെ…

അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുമ്പോഴും ‘എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല’ എന്ന നയം പിന്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ പുതിയ റോഡ് സുരക്ഷാ ബില്ലിന്റെ മറവില്‍ ഡ്രൈവിംഗ് പഠനവും ലൈസന്‍സ് വിതരണവും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് നടക്കുന്നത്.

മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങള്‍ മാത്രമേ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുടെ മറവിലാണ് പുതിയ നീക്കത്തിന് കളമൊരുങ്ങുന്നത്. ഇത് നടപ്പിലായാല്‍ കാര്യങ്ങളെല്ലാം സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കലിന്റെ വഴിക്കാവും. മാത്രമല്ല ഡ്രൈവിംഗ് സ്‌കൂളുകാരുടെയും ഓട്ടോ കണ്‍സല്‍റ്റന്റുമാരുടെയുമെല്ലാം കഞ്ഞികുടി മുട്ടുകയും ചെയ്യും.

കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിംഗ് പഠനം പല സംസ്ഥാനങ്ങളിലും പുനരാരംഭിച്ചെങ്കിലും കേരളത്തില്‍ അനുവദിക്കാത്തത് ഊരാളുങ്കളിന് വേണ്ടിയാണ്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള സഹകരണ സംഘമാണ് ഊരാളുങ്കല്‍. മൂന്നേക്കറോളം ഭൂമിയും ടെസ്റ്റ് നടത്താനും മറ്റും ആധുനിക സംവിധാനങ്ങളും ഉള്ള സ്ഥാപനങ്ങള്‍ മാത്രമേ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പാടുള്ളൂ എന്ന പുതിയ നിര്‍ദേശത്തിന്റെ മറവിലാണ് നടപടികള്‍.

നിലവില്‍ കാലാവധി പൂര്‍ത്തിയാക്കിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലാത്ത സ്ഥിതിയാണുള്ളത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഊരാളുങ്കലിലേക്കാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വൈകാതെ വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥനാണ് ഊരാളുങ്കലിന് അനുകൂലമായി ഉപദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ ഊരാളുങ്കലിനെ ഏല്‍പിക്കാനുള്ള ശ്രമം എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. അതിന് സമാനമാണ് ഇപ്പോള്‍ നടക്കുന്ന നീക്കം. രാജ്യത്ത് മോട്ടോര്‍വാഹനവകുപ്പില്‍ ഏകീകൃത സോഫ്റ്റ്വെയര്‍ സംവിധാനം വന്നതോടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് വിതരണം സ്തംഭനാവസ്ഥയിലാണ്.

ആര്‍.ടി. ഓഫീസുകളില്‍ത്തന്നെ ലൈസന്‍സ് പ്രിന്റ് ചെയ്തുനല്‍കുന്ന സംവിധാനം മാറിയതോടെയാണ് ലൈസന്‍സ് വിതരണത്തില്‍ തടസ്സമുണ്ടായത്. കേരളത്തിലെ 79 മോട്ടോര്‍വാഹന ഓഫീസുകളിലായി രണ്ടു ലക്ഷത്തോളം ലൈസന്‍സ് അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 2019 ജനുവരി മുതലാണ് പുതിയ സോഫ്റ്റ്വേറായ ‘വാഹന്‍ സാരഥി’ നടപ്പാക്കിത്തുടങ്ങിയത്.

സാരഥി സോഫ്റ്റ്വെയറിന്റെ പരീക്ഷണ ഉപയോഗം നടന്ന കുടപ്പനക്കുന്ന്, ആലപ്പുഴ, കരുനാഗപ്പള്ളി ഓഫീസുകളില്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെക്കൊണ്ട് സ്മാര്‍ട്ട്കാര്‍ഡ് ലൈസന്‍സ് നല്‍കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ നീക്കം. പലവിധ ആരോപണങ്ങളാല്‍ സര്‍ക്കാര്‍ വശംകെട്ടിരിക്കുമ്പോഴാണ് പുതിയ നീക്കമെന്നതാണ് ശ്രദ്ധേയം.

Related posts

Leave a Comment