തിരുവനന്തപുരം: നാവികസേന മുന്‍ മേധാവിയും ഇപ്പോൾ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്ന് റിപ്പോര്‍ട്ട്.
ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും കൂടാതെ ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ, പി.എസ്.ശ്രീധരന്‍പിള്ള, തവര്‍ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പി.എസ്.ശ്രീധരന്‍പിള്ളയെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് ഗവര്‍ണറായി മാറ്റി നിയമിച്ചേക്കുമെന്നും ആര്‍എസ്എസ് നേതാവും ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് ജമ്മു കാഷ്മീർ െലെഫ്റ്റനന്റ്് ഗവര്‍ണറായേക്കുമെന്നും സൂചനകളുണ്ട്.
ഇന്ത്യന്‍ നാവിക സേനയുടെ 21-മത് മേധാവിയായിരുന്നു അഡ്മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി. 2012 ഓഗസ്റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്ഠിച്ചു.
ഐഎന്‍എസ് സിന്ധുരത്നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി നാവിക സേനാ മേധാവി സ്ഥാനം രാജിവെക്കുകയായിരുന്നു.
ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ദേവേന്ദ്ര കുമാര്‍ ജോഷി 1974 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യന്‍ നേവിയില്‍ ചേരുന്നത്. പരം വിശിഷ്ട സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍, നൗ സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം ബിജെപി നേതാക്കളായ അശ്വിനി ചൗബേ, വി കെ സിങ്, മുക്താര്‍ അബ്ബാസ് നഖ് വി എന്നിവരെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.