തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന രാജ്യാന്തര തീവ്രവാദി സംഘടനകളുമായി ബന്ധമുള്ള വിവിധ തരം മാഫിയകളുടെ ഇന്ത്യയിലെ തലസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജൻ തുടങ്ങിയവർ നയിച്ചിരുന്ന മാഫിയാ കേന്ദ്രമായിരുന്ന മുംബൈയെ കടത്തിവെട്ടിയാണ് കേരളം ഇപ്പോൾ തലസ്ഥാന പദവി കരസ്ഥമാക്കിയിരിക്കുന്നത്. വിദേശത്ത് വസിക്കുന്ന പുത്തൻ മാഫിയാ കിംഗുകൾ കേരളത്തിലെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഭരണകക്ഷികളിലെ ഏജന്റുമാർ മുഖേനയാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
സ്വർണം, ലഹരി പദാർത്ഥങ്ങൾ എന്നിവ വിദേശങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തുന്നത് ഭരണ നേതൃത്വത്തിന്റെയും കസ്റ്റംസിന്റെയും പോലീസിന്റെയും പരസ്യ പിന്തുണയോടെയാണ്. മാഫിയകളെ സഹായിക്കുന്നവർക്ക് വിദേശ നാണ്യമായി വിദേശ ബാങ്കുകളിൽ മാസപ്പടി നൽകുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണം അനധികൃതമായി കടത്തിയിരുന്നത് മഹാരാഷ്ട്ര,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു.കേന്ദ്ര-സംസ്ഥാന സർക്കാർ രേഖകൾ പ്രകാരം ഇപ്പോൾ കേരളമാണ് നമ്പർ വൺ. ഔദ്യോഗിക കണക്കുകൾ പ്രകാരം പിടികൂടിയ സ്വർണത്തിന്റെ എത്രയോ ഇരട്ടി വരുന്ന ടൺ കണക്കിന് സ്വർണമാണ് കേരളത്തിലേക്ക് പ്രവഹിക്കുന്നത്. മാഫിയകളിൽ നിന്നും സ്വർണം രഹസ്യമായി വാങ്ങുന്നത് കേരളത്തിലെ പ്രമുഖ സ്വർണവ്യാപാരികളാണ്.
ദില്ലി, മുംബൈ എന്നീ വൻ നഗരങ്ങൾ കഴിഞ്ഞാൽ ലഹരി വസ്തുക്കൾ ഏറ്റവുമധികം ഒഴുകിയെത്തുന്നത് കൊച്ചിയിലേക്കാണ്. കേരളത്തിലുടനീളം മയക്കുമരുന്ന് വില്പനക്കാർക്ക് ശക്തമായ വിതരണ ശൃംഗലകളുണ്ട്. വിവരം ലഭിച്ചാലും പോലീസ് നാമമാത്രമായ കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.