കോട്ടയം: വീട്ടില്‍നിന്നിറങ്ങി വഴിതെറ്റിയ നാലു വയസുകാരനെ മണിക്കൂറുകൾക്കകം വീട്ടില്‍ തിരികെയെത്തിച്ച് കോട്ടയം ഈസ്റ്റ് പോലീസ്. ഇന്നലെ രാവിലെ ഒന്‍പതിനാണു സംഭവം. കോട്ടയം റബര്‍ ബോര്‍ഡിനു സമീപം താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകനാണു വീട്ടില്‍ നിന്നിറങ്ങി കഞ്ഞിക്കുഴി ഭാഗത്തേക്കു നടന്നത്.
ഇറഞ്ഞാല്‍, പൊന്‍പള്ളി ഭാഗത്തേക്കു നടന്ന കുട്ടി പിന്നീടു വഴിയറിയാതെ റോഡില്‍ കരഞ്ഞുനില്ക്കുകയായിരുന്നു. നാട്ടുകാര്‍ ഉടൻതന്നെ ഈസ്റ്റ് പോലീസിനെ വിവരമറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണെന്നു മനസിലാക്കിയ പോലീസ് സമീപപ്രദേശങ്ങളിലെ നിരവധി വീടുകൾ കയറിയിറങ്ങി. ഇതിനിടയില്‍, മാതാപിതാക്കളും കുട്ടിക്കായി അന്വേഷണം ആരംഭിച്ചിരുന്നു.
പരാതി നല്കാന് തുടങ്ങുന്നതിനിടെ കുട്ടിയുമായി പോലീസ് ഇവരുടെ വീട്ടിലെത്തുകയായിരുന്നു. കോട്ടയം ഈസ്റ്റ് എസ്ഐ നെല്‍സണ്‍, സിപിഓമാരായ പ്രതീഷ് രാജ്, അനികുട്ടന്, രമേശന് ചെട്ടിയാര്‍, അജിത്ത് ബാബു, സുരമ്യ എന്നിവർ ചേർന്നാണു കുട്ടിയെ മാതാപിതാക്കൾക്കു കൈമാറിയത്.