കാട്ടാക്കട : പോലീസ് വേഷത്തിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരു പോലീസുകാരൻ അടക്കം രണ്ടുപേർ പിടിയിൽ. കാട്ടാക്കട ഡിവൈഎസ്പി ഷിബുവാണ് ഇവരെ പിടികൂടിയത്.
ഇവർ നെടുമങ്ങാട് സ്വദേശികളാണ്. പോലീസുകാരനായ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചോദ്യം ചെയ്ത് വരുന്നു.
വിവിധ ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിനു പ്രതികളെക്കുറിച്ചുള്ള വിവരം ഇന്നലെ കിട്ടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
തട്ടിപ്പ് കേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
മറ്റൊരു പൊലീസുകാരന്റെ കാറാണ് തട്ടിക്കൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നെടുമങ്ങാട് പഴകുറ്റി സോണി മൻസിലിൽ മുജീബ്(43)നെ ശനിയാഴ്ച രാത്രി പത്തോടെയാണ് പോലീസ് വേഷത്തിലെ ത്തിയ രണ്ടംഗ സംഘം കാറിൽ വിലങ്ങിട്ടു ബന്ധിച്ചു കടന്നത്.
കട പൂട്ടി വീട്ടിലേക്കു മടങ്ങവേ കാറിൽ പിന്തുടർന്നെത്തിയ സംഘം പൂവച്ചൽ ജംഗ്ഷനു സമീപം കാർ തടഞ്ഞാണ് മുജീബിനെ കാറിൽ ബന്ധിയാക്കിയത്. നാട്ടുകാർ വന്നതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു.
സംഭവം സംബന്ധിച്ച് മുജീബിനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കി. പ്രതികൾ സഞ്ചരിച്ചിരുന്നതായി പറയപ്പെടുന്ന നീല സ്വിഫ്റ്റ് കാറിന്റെ ആര്യനാട് വരെയുള്ള സഞ്ചാര ദിശ മനസിലാക്കാൻ കഴിഞ്ഞെങ്കിലും കാറിന്റെ നമ്പർ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നില്ല.നമ്പർ കണ്ടെത്താൻ സി ഡാക്കിന്റെ സഹായം തേടിയതാണ് അന്വേഷണത്തിനു വഴികാട്ടിയായത്.