കൊച്ചി: തെലങ്കാനയില്‍ രണ്ടു വന്‍കിട പദ്ധതികളുടെ കരാര്‍ (എംഒയു) ഒപ്പിട്ട് കിറ്റെക്സ്. വാറങ്കലിലെ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ട്രസ്ട്രീയല്‍ പാര്‍ക്കിലെയും രണ്ടു വന്‍കിട പദ്ധതികളുടെ കരാറിലാണ് ഒപ്പിട്ടത്.
തെലങ്കാന സര്‍ക്കാരിനുവേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ഞനും കിറ്റെക്സിനുവേണ്ടി മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബുമാണു ഹൈദ്രബാദില്‍ കരാറില്‍ ഒപ്പിട്ടത്.
വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായി കൂടികാഴ്ച നടത്തിയതിനുശേഷമായിരുന്നു ഒപ്പിടല്‍. ഔദ്യോഗിക ചടങ്ങും പ്രഖ്യാപനവും നാളെ നടക്കും. വന്‍ ആനുകൂല്യങ്ങളാണു തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് കിറ്റക്സ് അധികൃതര്‍ വ്യക്തമാക്കുന്നു.
ആനുകൂല്യങ്ങള്‍, നിക്ഷേപം, സബ്സിഡി, തൊഴിലവസരങ്ങള്‍ അടക്കമുള്ള വന്‍ പാക്കേജിന്റെ വിശദാംശങ്ങളും നാളെ വ്യക്തമാകും.
എംഡി സാബു ജേക്കബിനെ കൂടാതെ വൈസ് പ്രസിഡന്റ് ക്രിസ്റ്റിയന്‍ സ്ട്രാം, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിംഗ് സോധി, ഡയറക്ടര്‍ തോമസ് ചെറിയാന്, ജനറല്‍ മാനേജര്‍ സജീ കുര്യന്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മനോജ് കുമാര്‍ തുടങ്ങിയവർ കിറ്റെക്സ് സംഘത്തിലുണ്ട്.
ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണു കിറ്റെക്സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നും പിന്‍വാങ്ങിയത്.
തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിക്കുകയായിരുന്നു.
പ്രത്യേക വിമാനമയച്ചാണു തെലങ്കാന സര്‍ക്കാര്‍ കിറ്റെക്സിനെ ക്ഷണിച്ചത്. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ ഒന്‍പതു സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബെഹ്റിന്‍, മൗറേഷ്യസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്സ്.