ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന് കെ. ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘ കാലമായി ചികില്‍സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും. മലയാളത്തിലെ ആദ്യ ടെക്നോ സംഗീതജ്ഞന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ. ജെ. ജോയ് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്.
തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ. ജെ. ജോയ്യുടെ സംഗീത യാത്രയ്ക്ക് അര നൂറ്റാണ്ടിന്റെ തിളക്കമുണ്ട്. 1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 65ഓളം മലയാള ചലചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുമുണ്ട്.
പ്രമുഖ സംഗീതസംവിധായകൻ എംഎസ് വി എന്നറിയപ്പെടുന്ന എം.എസ്. വിശ്വനാഥന്റെ അക്കോർഡിയൻ ആർട്ടിസ്റ്റ് ആയാണ് ജോയ് തന്റെ ചലച്ചിത്രസംഗീത ജീവിതം ആരംഭിക്കുന്നത്. അക്കോർഡിയനിൽ മാത്രമല്ല, കീ ബോർഡിലും വയലിനിലും ജോയ് അസാമാന്യപ്രതിഭയായിരുന്നു.
ജോയിയെ തിരിച്ചറിഞ്ഞതും സ്വതന്ത്രസംഗീത സംവിധായകനാകാൻ പ്രചോദനമായതും എംഎസ് വിയാണ്. പാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളാണ്. അനുപല്ലവി എന്ന ചിത്രത്തിലെ “എൻ സ്വരം പൂവിടും ഗാനമേ…’, ഇതാ ഒരു തീരത്തിലെ “അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും…’, ജയന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ മനുഷ്യമൃഗത്തിലെ “കസ്തൂരിമാൻ മിഴി…’, സർപ്പത്തിലെ “സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ…’ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ പലതും കെ. ജെ. ജോയിയിലൂടെ പിറവിയെടുത്തവയാണ്.
ജയൻ-സോമന്-ജയഭാരതി കേന്ദ്രകഥാപാത്രങ്ങളായി 1979ൽ പുറത്തിറങ്ങിയ സായൂജ്യം എന്ന ചിത്രത്തിനുവേണ്ടി ജോയി ഈണമിട്ട “കാലിത്തൊഴുത്തിൽ പിറന്നവനേ…’ എന്ന ഗാനം മലയാളത്തിലെ മികച്ച ക്രിസ്തീയഗാനങ്ങളിലൊന്നായി കണക്കാക്കുന്നു.1994ൽ പി.ജി. വിശ്വംഭരൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ദാദ ആയിരുന്നു കെ.ജെ. ജോയിയുടെ അവസാനചിത്രം.
ദേവരാജൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എ.ടി. ഉമ്മർ, സലിൽ ചൗധരി, എം. കെ. അർജുനൻ എന്നീ മഹാ പ്രതിഭകൾ അരങ്ങു തകർത്ത സമയത്താണ് ജോയിയുടെ തേരോട്ടം.