തിരുവനന്തപുരം: ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണ്. സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.
കെഇആർ നിയമനങ്ങൾ അട്ടിമറിക്കുന്നത് അഴിമതിക്ക് കാരണമാകും. ജീവനക്കാരുടെ പുനർവിന്യാസത്തോടെ പൂർണമായും നിയമനങ്ങൾ ഇല്ലാതാകുന്ന സ്ഥിതി വരുമെന്നും ചെന്നിത്തല പറഞ്ഞു.
2000 തസ്തിക ഇല്ലാതാക്കിയിട്ട് 1000 തസ്തിക താൽക്കാലികമായി തുടങ്ങുന്ന കണ്കെട്ട് വിദ്യയാണ് ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് അംഗീകരിക്കാനാകില്ല. ബജറ്റിലെ പല പ്രഖ്യാപനങ്ങളോടും വിയോജിപ്പുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ.എം.മാണി സ്മാരകത്തിന് പണം അനുവദിച്ചതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ല. അന്തരിച്ച നേതാക്കൾക്ക് വേണ്ടി സ്മാരകമൊരുക്കുന്നത് സ്വാഭാവികം. ഇത് ജോസ് കെ.മാണിയെ ലക്ഷ്യം വച്ചാണെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.