കോഴിക്കോട്: കെ.എം. ഷാജി എംഎല്‍എയുടെ ആഡംബര വീടിന് കോഴിക്കോട് കോര്പറേഷന് കെട്ടിട നമ്പര്‍ നല്കാതിരുന്നിട്ടും വെള്ളവും വെളിച്ചവും എങ്ങനെ ലഭിച്ചുവെന്നത് ദുരൂഹം.
കെട്ടിട നമ്പര്‍ നല്കിയാല് മാത്രമേ സാധാരണ നിലയില്‍ വൈദ്യുതി അനുവദിച്ചു നല്‍കുകയുള്ളൂ. ചില ഘട്ടങ്ങളില്‍ കെട്ടിടങ്ങള്‍ക്കും വീടിനും തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് കാലതാമസം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി താത്കാലികമായി കണക്ഷന് അനുവദിക്കാറുണ്ട്.
താരീഫ് അടയ്ക്കുമ്പോള്‍ ഇത് പ്രത്യേകമായി കാണിക്കും. കൂടാതെ സാധാരണ തുകയേക്കാള്‍ വലിയ തുക അടയ്ക്കേണ്ടതായുമുണ്ട്. ഷാജിയുടെ വീട്ടിലെ വൈദ്യുതി കണക്ഷന് ഏത് ഇനത്തിലുള്ളതാണെന്ന് കണ്ടെത്താനും നടപടി ആരംഭിച്ചിട്ടുണ്ട്.
ആറ് മാസത്തേക്കാണ് ഇത്തരത്തില്‍ അനുവദിക്കാറുള്ളതെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഷാജിയുടെ വീട്ടില്‍ നാലു വര്‍ഷത്തിലേറെയായി വൈദ്യുതിയും വെള്ളവും ലഭിക്കുന്നുണ്ട്. ഇതെങ്ങനെയെന്നതാണ് ഇപ്പോള്‍ ചോദ്യചിഹ്നമായി ഉയരുന്നത്.
നാലു വര്‍ഷം മുമ്പ് വീടിന്റെ യഥാര്‍ഥ വലിപ്പം സംബന്ധിച്ച് വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് ആഡംബര നികുതി അടയ്ക്കാന്‍ കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നികുതി അടയ്ക്കാന്‍ തയാറായിരുന്നില്ല.
വര്‍ഷങ്ങളായി ഇത്തരത്തില്‍ ക്രമക്കേട് കണ്ടെത്തിയ വീട്ടില്‍ താമസമുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത കോര്‍പറേഷനെതിരേയും ആരോപണമുയരുന്നുണ്ട്. അതേസമയം ആഡംബര വീട് നിര്‍മിക്കാനുള്ള പണം എവിടെ നിന്ന് ലഭിച്ചുവെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ചുവരികയാണ്.