കൊച്ചി: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനായി കൊച്ചിയില്‍ ഫ്ലക്സ് ബോര്‍ഡ്. ‘നയിക്കാന്‍ നായകന് വരട്ടെ’ എന്ന തലക്കെട്ടോടെ എറണാകുളം ഗസ്റ്റ്ഹൗസിന് മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
‘പ്രിയപ്പെട്ട കെ.എം. നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്’ എന്നു തുടങ്ങുന്ന ഫ്ലക്സില്‍ ‘വര്‍ഗീയതയ്ക്ക് എതിരേയുള്ള പോരാട്ടത്തില്‍ ഇന്നലെകളില്‍ എങ്ങനെയായിരുന്നോ അതുപോലെതന്നെ ഇന്നും എന്നും ഞങ്ങളോടൊപ്പം മുരളിയേട്ടന് ഉണ്ടാകണമെന്നും ഞങ്ങള്‍ക്ക് ആവേശവും അഭിമാനവുമാണ് നിങ്ങള്‍’ എന്നും കുറിച്ചിരിക്കുന്നു. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
നേരത്തേ തൃശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ കെ. മുരളീധരന് കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കെ. സുധാകരന് വീണ്ടും എംപിയായ സാഹചര്യത്തിലായിരുന്നു അത്.
എന്നാല്‍ തോല്‍വിക്കു പിന്നാലെ പാര്‍ട്ടിയില്‍ യാതൊരു പുതിയ ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്ന നിലപാടാണ് മുരളീധരന് സ്വീകരിച്ചിരുന്നത്. തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തിരുന്നു.