കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി പിഴ ഒഴിവാക്കാനുള്ള നിയമസാധ്യതകൾ തേടി കൊച്ചി കോർപറേഷൻ.
വിധിക്കെതിരേ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് കോർപറേഷന്റെ നീക്കം. ഇക്കാര്യത്തിൽ കോർപറേഷൻ നിയമവിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
കോർപറേഷന്റെയോ സർക്കാരിന്റെയോ ഭാഗം കേൾക്കാതെയാണ് നടപടിയെന്ന് കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ പറഞ്ഞു.
വിധി പ്രസ്താവിക്കുന്നതിന് മുൻപ് കോർപറേഷൻ കൈമാറിയ സത്യവാങ്മൂലം വേണ്ടവിധം പരിഗണിച്ചോയെന്ന് സംശയമുണ്ട്. അർദ്ധരാത്രിക്കാണ് ഉത്തരവ് അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
ബ്രഹ്മപുരത്തെ നഷ്ടം നിർണയിക്കാതെയാണ് പിഴയടക്കാൻ പറഞ്ഞിരിക്കുന്നത്. നഷ്ടങ്ങൾ എന്തൊക്കെയാണെന്നും ഓരോന്നിനും പിഴ എത്ര വീതമാണെന്നുമുള്ള വിവരങ്ങൾ ഉത്തരവിലില്ല.
ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് കണ്ട് സന്തോഷിക്കുന്ന ആളുകൾ ഇക്കാര്യങ്ങളൊക്കെ മനസിലാക്കാൻ തയാറാകണമെന്നും മേയർ പറഞ്ഞു.
2012 മുതൽ ബ്രഹ്മപുരം പ്ലാന്റുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പിഴവുകളാണ് ഭീമമായ പിഴ ഇടാക്കുന്ന നിലയിലേക്ക് ഇപ്പോൾ എത്തിച്ചത്.
പ്ലാന്റിന്റെ പ്രവൃത്തനം തൃപ്തികരമല്ലെന്ന് അന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
പിന്നീട് പല ഘട്ടങ്ങളിലും പ്ലാന്റിന്റെ അവസ്ഥ സബന്ധിച്ചും ബ്രഹ്മപുരത്തെ അസൗകര്യങ്ങൾ സംബന്ധിച്ചും ഹരിത ട്രൈബ്യൂണലും പിസിബിയുമൊക്കെ റിപ്പോർട്ട് നൽകുകയും പിഴ ഇടാക്കുകയും ചെയ്തു.
ഒടുവിൽ സൗമിനി ജയിന്റെ കാലത്ത് 14.92 കോടി രൂപ പിഴ ഈടാക്കിയത് അന്ന് കോർപറേഷൻ ഹൈക്കോടതിയെ സമീപിച്ചാണ് സ്റ്റേ വാങ്ങിയെടുത്തത്. ഇക്കാര്യങ്ങളുടെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഭീമമായ പിഴ വന്നതെന്നും മേയർ ചൂണ്ടിക്കാട്ടി.