എറണാകുളം: കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒരു വയസ്. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു.
ഇതുവരെ 19. 72 ലക്ഷത്തിലധികം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ അഞ്ച് റൂട്ടുകളിലാണ് മെട്രോ സർവീസുള്ളത്. ഒമ്പത് ബോട്ടുകളുമായി രണ്ട് റൂട്ടുകളിൽ ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോയ്ക്ക് സ്വന്തം. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്.
ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റ യാത്ര ചെയ്തു. നടി മിയ, മുരളി തുമ്മാരക്കുടി, എം. കെ. സാനു എന്നിവർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു.