വയനാട്: മാനന്തവാടിയില്‍ നാട്ടിലിറങ്ങി ഒരാളുടെ ജീവനെടുത്ത കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ അറിയിച്ചു.
മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആന ഇപ്പോഴുമുള്ളത്. ട്രാക്കിംഗ് സംഘം ആനയെ കണ്ടെത്തിയതിന് പിന്നാലെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് നീങ്ങി.
ഏറുമാടത്തില്നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ആനയെ മയക്കുവെടി വയ്ക്കാൻ ഞായറാഴ്ച വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ല. ദൗത്യം നിർത്തിവച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കി.
രണ്ടുതവണ ദൗത്യ സംഘത്തിന്റെ മുന്നിലെത്തിയ ആനയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പുൽപ്പള്ളി റേഞ്ച് ഓഫീസർ അബ്ദുൾ സമദിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.