കൊല്ലം: റെയില്‍വേ സ്റ്റേഷന് പരിസരത്തു കുത്തേറ്റ് ആനപാപ്പാന് മരിച്ച സംഭവത്തിലെ പ്രതി റെയില്‍വേ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം, കല്ലറ,കുറ്റിമൂട്, അനുമന്ദിരത്തില്‍ രാധാകൃഷ്ണന്(66)ആണ് പിടിയിലായത്.
ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകുന്നേരം കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസിന്റെ പിടിയിലായ പ്രതിയെ കൊല്ലം റെയില്‍വേ പൊലീസിന് കൈമാറി. അഞ്ചാലുംമൂട് തൃക്കരുവ സ്റ്റേഡിയത്തിന് സമീപം കളീലില്‍ ചിറയില്‍ അബ്ദുള്‍ അസീസിന്റെ മകന് അനീസ് (45) കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. കൊല്ലം റെയില്‍വേ സ്റ്റേഷനന്റെ ഒന്ന് -എ പ്ലാറ്റ്ഫോമിന്റെ തുടക്ക ഭാഗത്ത് വച്ചാണ് അനീസിന് കുത്തേറ്റത്.
കുത്ത് കൊണ്ട ശേഷം പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയുമായിരുന്നു. റെയില്‍വേയിലെ ശുചീകരണ തൊഴിലാളിയാണ് വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചത്. ഉ
ടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ആരോഗ്യനില വഷളായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ ചാത്തന്നൂരില്‍ വച്ച് മരിക്കുകയായിരുന്നു.
റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ സ്ഥിരമായി തമ്പടിച്ചിരിക്കുന്ന മാഹിന്‍ കുത്തിയെന്നായിരുന്നു അനീസിന്റെ മരണമൊഴി. ഈ പേര് കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
കസ്റ്റഡിയിലുള്ള രാധാകൃഷ്ണന് മാഹിയില്‍ നിന്നും മദ്യം ഇവിടെ എത്തിച്ച് വിതരണം ചെയ്യാറുണ്ട്. ഇതിനാല്‍ ഇയാളെ മാഹി എന്ന് വിളിക്കാറുണ്ട്. മരണമൊഴിയില്‍ മാഹി എന്ന് പറഞ്ഞത് മാഹീന് എന്ന് പേരിൽ തെറ്റിദ്ധാരണ ഉണ്ടാവുകയായിരുന്നു.
കൊല്ലപ്പെട്ട അനീസും രാധാകൃഷ്ണനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. അടുത്തിടെ മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.
കൊലപാതകം നടക്കുന്ന ദിവസം പ്ലാറ്റ്ഫോമിലിരിക്കുകയായിരുന്ന രാധാകൃഷ്ണനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ അനീസ് നെഞ്ചത്ത് ചവിട്ടി.
വീണ്ടും ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ബാഗിലുണ്ടായിരുന്ന കത്തി എടുത്ത് രാധാകൃഷ്ണന് അനീസിനെ കുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. പ്രതിയെ പോലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പോലീസിനെ സഹായിച്ചത് ഫ്രണ്ട്സ് ഓൺ റെയിൽസ് എസ്.ആർ. സുധീർ കുമാർ
കൊല്ലം: റെയിൽവേ സ്റ്റേഷനിലെ കൊലപാതക കേസിൽ പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായത് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ അവസരോചിത ഇടപെടൽ.
കൊല്ലം ജനമൈത്രി പോലീസിലെ സിപിഒ ബർണബാസ് പ്രതിയുടേതെന്ന് സംശയിക്കുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യം അവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തു.
തുടർന്ന് അദ്ദേഹം വിവരം ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ഗ്രൂപ്പ് അഡ്മിനെ വിളിച്ച് വിവരം അറിയിച്ചു.അഡ്മിൻ ഉടൻ തന്നെ പ്രസ്തുത ചിത്രം ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ സംസ്ഥാനത്തെ എല്ലാ ഗ്രൂപ്പിലും ഷെയർ ചെയ്തു.
കൊല്ലം റെയിൽവെ പോലീസ് 345/23 നമ്പരായി ചാർജ് ചെയ്ത കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രത്തിന് ഒപ്പം വിലാസവും ഷെയർ ചെയ്ത പോസ്റ്റുകളിൽ ഉണ്ടായിരുന്നു.
ഇയാൾ സ്ഥിരമായി ഇന്റർസിറ്റി എക്സ്പ്രസ്, പുനലൂർ – ഗുരുവായൂർ എക്സ്പ്രസ് എന്നിവയിലാണ് യാത്ര ചെയ്യുന്നതെന്നും പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.
അങ്ങനെയാണ് ഇന്നലെ ആലപ്പുഴ – കൊല്ലം പാസഞ്ചറിൽ യാത്ര ചെയ്ത സംസ്ഥാന കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ ജീവനക്കാരുടെ ശ്രദ്ധയിൽ ഇയാൾ പെടുന്നത്.
അമ്പലപ്പുഴ വച്ചാണ് അവർ വണ്ടിയിൽ പ്രതിയെ കണ്ടത്. ഉടൻ തന്നെ ഇരുവരും വിവരം വിവിധ പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചു.
മാത്രമല്ല പ്രതിയുടെ നീക്കങ്ങൾ ഇവർ സശ്രദ്ധം വീക്ഷിക്കുകയും ചെയ്തു. ഒടുവിൽ കായംകുളത്ത് കാത്ത് നിന്ന പോലീസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.