പാലക്കാട്ടെ ‘കൂടത്തായി മോഡല്‍’ സംഭവത്തിലെ പ്രതിയായ യുവതിയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും.
ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെ ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
59 കാരനായ ഭര്‍തൃപിതാവ് മുഹമ്മദിന് രണ്ട് വര്‍ഷത്തോളം ഭക്ഷണത്തിനൊപ്പം മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
2013 മുതല്‍ 2015 വരെയുള്ള കാലയളവിലായിരുന്നു വിഷം നല്‍കിയത്. നിരന്തരം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടാറുള്ള മുഹമ്മദ് ചികില്‍സയിലായിരുന്നു.
ഇതിനിടയിലാണ് ഫസീല ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടതും പൊലീസിനെ സമീപിച്ചതും.
പിന്നീട് നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ പൊലീസ് ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വിഷാംശത്തിന്റെ സാന്നിധ്യം മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തി.
കൊലപാതകശ്രമത്തിനും വിഷം നല്‍കിയതിനുമായി 25,000 രൂപ വീതമാണ് കോടതി അരലക്ഷം പിഴ ചുമത്തിയത്.
ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയെന്ന കേസിലും ഫസീല വിചാരണ നേരിടുകയാണ്. ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്നാണ് ഭര്‍ത്താവിന്റെ മുത്തശ്ശിയായ 71 വയസ്സുള്ള നബീസ കൊല്ലപ്പെട്ടത്. 2016 ജൂണിലായിരുന്നു ദുരൂഹമരണം. ഇരുവരോടും ഫസീലയ്ക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നു.