കോതമംഗലം: ചേലാട് പെരിയാര്‍വാലി കനാല്‍ ബണ്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം.
സംഭവത്തിൽ സമീപത്തു താമസിക്കുന്ന യുവാവും ഗൃഹനാഥനും വീട്ടമ്മയും അടക്കം ഒരു കുടുംബത്തിലെ മൂന്നു പേർ റിമാൻഡിൽ.
മാലിപ്പാറ സ്വദേശികളും ചേലാട് പത്തിരിച്ചാല്‍ ഭാഗത്ത് വാടകക്കു താമസിക്കുന്നവരുമായ പുത്തന്‍പുരക്കല്‍ കൊച്ചാപ്പ എന്ന് വിളിക്കുന്ന എല്‍ദോ (27), ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരാണ് അറസ്റ്റിലായത്. ചേലാട് ഇരപ്പുങ്കല്‍ കവലയില്‍ സെവന് ആര്‍ട്സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തുകണ്ടത്തില് പൗലോസിന്റെ മകന് എല്‍ദോസ് പോൾ (40) ആണ് കൊല്ലപ്പെട്ടത്.
അരുംകൊല
വീട്ടില്‍നിന്ന് ഇരുനൂറ് മീറ്റര്‍ മാറി ചേലാട് പത്തിരിച്ചാല്‍ പള്ളിക്ക് സമീപത്ത് കനാലിലാണ് എൽദോസിന്റെ മൃതദേഹം കിടന്നിരുന്നത്. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്.
എൽദോസ് പോളിൽനിന്നും കൊച്ചാപ്പ എന്നു വിളിക്കുന്ന എല്‍ദോ കടംവാങ്ങിയ മൂന്ന് ലക്ഷം രൂപ തിരികെ നൽകാതിരിക്കുവാനാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ താമസിക്കുന്ന ചേലാട് പത്തിരിച്ചാലിലെ വാടകവീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ എൽദോസ് പോളിനെ വിളിച്ച് വരുത്തിയാണ് കൊലപാതകം നടത്തിയത്.
കൊല്ലപ്പെട്ട എല്‍ദോസിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറിയാണ് ഈ വീട്. നല്‍കാനുള്ള മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് എല്‍ദോ (കൊച്ചാപ്പ ), എല്‍ദോസ് പോളിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയയത്.
മഴുക്കൈകൊണ്ട്തലയ്ക്കടിച്ചു
വീട്ടിൽവച്ച് വാക്കുതര്‍ക്കവും പിടിവലിയുമുണ്ടായി. ഇതിനിടെ എല്‍ദോ (കൊച്ചാപ്പ ) എല്‍ദോസ് പോളിനെ മഴുക്കൈകൊണ്ട് അടിക്കുകയായിരുന്നു. തലക്ക് പിന്നില്‍ അടിയേറ്റതോടെ മരണം സംഭവിച്ചു.
ഇക്കാര്യങ്ങള്‍ എല്‍ദോ (കൊച്ചാപ്പ ) പോലിസിന്റെ നിരന്തര ചോദ്യം ചെയ്യലിലാണ് സമ്മതിച്ചത്. കൊലപാതകത്തിന് ശേഷം എല്‍ദോയും പിതാവ് ജോയിയും ചേര്‍ന്നാണ് മൃതദേഹം സമീപത്തെ പെരിയാര്‍വാലി കനാലില്‍ തള്ളിയത്.
ഇവരുടെ ബൈക്കില്‍ ഇരുത്തിയാണ് മൃതദേഹം കൊണ്ടുപോയത്. പിന്നീട് കൊല്ലപ്പെട്ട എല്‍ദോസ് പോളിന്റെ സ്കൂട്ടര്‍ റോഡിലൂടെ കൊണ്ടുവന്ന് കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
ഡോക്ടറുടെ സംശയം
തിങ്കളാഴ്ച രാവിലെയാണ് എല്‍ദോസിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. എല്‍ദോസിന്റെ സ്കൂട്ടറും ഒപ്പമുണ്ടായിരുന്നു.അപകടമരണമെന്നായിരുന്നു പോലിസിന്റെ ആദ്യ നിഗമനം.
പിന്നീട് ഉയര്‍ന്ന സംശയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹത്തില്‍ പ്രാഥമിക പരിശോധന നടത്തിയ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍, പരിക്കുകള്‍ വാഹനഅപകടത്തിലേതല്ലെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ എല്‍ദോസ് പോളിനെ രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കിയത് എല്‍ദോ ജോയി ആണെന്ന് കണ്ടെത്തിയതാണ് നിര്‍ണായക വഴിത്തിരിവായത്.
പണം എവിടെ?
കൊല്ലപ്പെട്ട എല്‍ദോസ് വിദേശത്തുള്ള ഭാര്യയോട് വീഡിയോ കോള്‍ ചെയ്യുമ്പോവാണ് പ്രതിയുടെ ഫോണ്‍ കോളെത്തിയത്. പണം തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് വാങ്ങാന്‍ പോകുകയാണെന്നും എല്‍ദോസ് ഭാര്യയോട് പറഞ്ഞിരുന്നു.
പോലീസ് എല്‍ദോ (കൊച്ചാപ്പ) തിരക്കിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിച്ചു. രണ്ട് ലക്ഷത്തി പതിനായിരം രൂപ എല്‍ദോസിന് നല്‍കിയെന്നായിരുന്നു മൊഴി.
മരിച്ചുകിടന്ന എല്‍ദോസിന്റെ പക്കല്‍നിന്നും പണം കണ്ടെടുക്കാതിരുന്നതോടെയാണ് സംശയം വര്‍ധിച്ചത്. എല്‍ദോസിന്റെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി.
കള്ളങ്ങൾ പൊളിഞ്ഞു
തിങ്കളാഴ്ച തന്നെ എല്‍ദോ (കൊച്ചാപ്പ )യെയും ചില സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയതിരുന്നു. പണം എല്‍ദോസിന് നല്‍കിയശേഷം തുടര്‍ന്നുണ്ടായ കാര്യങ്ങളറിയില്ലെന്ന വാദത്തില്‍ എല്‍ദോ ഉറച്ചുനിന്നു. സംശയനിഴലിലായിരുന്നതിനാല് എല്‍ദോയെ പോലിസ് നിരീഷണത്തില്വച്ചു.
പിന്നീട് പിതാവിനേയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. നിരന്തര ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയും പിതാവും കുറ്റസമ്മതത്തിന് തയാറായത്. എല്‍ദോസിന് നല്‍കിയെന്ന് പറഞ്ഞ പണത്തിന്റെ ഉറവിടം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ പോലീസ് ആവശ്യപ്പെട്ടതോടെയാണ് എല്‍ദോയുടെ കള്ളങ്ങള്‍ പൊളിഞ്ഞുതുടങ്ങിയത്.
ഉറവിടത്തേക്കുറിച്ച് പ്രതി നല്കിയ വിവരങ്ങള്‍ തെറ്റാണെന്നും പോലിസ് കണ്ടെത്തി. പിന്നീടാണ് പണം കൈമാറിയെന്ന് പറഞ്ഞത് കളവാണെന്ന് പ്രതിക്ക് സമ്മതിക്കേണ്ടിവന്നത്.
മഴുക്കൈയും ഫോണും/അഗ്നിക്കിരയാക്കി
കൊലപാതകത്തിന് ഉപയോഗിച്ച മഴുക്കൈയും എല്‍ദോസിന്റെ മൊബൈല്‍ഫോണും മാതാവ് മോളി അഗ്നിക്കിരയാക്കിയിരുന്നു. ഇതോടെ മോളിയും കേസിലെ പ്രതിയാക്കപ്പെടുകയായിരുന്നു.
അഗ്നിക്കിരയാക്കിയ മൊബൈല്‍ഫോൺ, മഴുകൈ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പുകൾ നടത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്പി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേക്ഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി മുഹമ്മദ് റിയാസ്, പോലിസ് ഇന്‍സ്പെക്ടര്‍മാരായ ബേസില്‍ തോമസ്, നോബിള്‍ മാനുവല്‍, കെ.ജെ. പീറ്റര്‍, എസ്ഐ മാഹിന്‍ സലിം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.