വണ്ണപ്പുറം: മഞ്ഞിൽ പുതച്ച കോട്ടപ്പാറയുടെ ദൃശ്യഭംഗി കാണാൻ പുലർച്ചെയെത്തുന്ന സഞ്ചാരികളുടെ തിരക്കേറുന്പോഴും ഇവിടെ സുരക്ഷാ സൗകര്യങ്ങളോ മുന്നറിയിപ്പു സംവിധാനങ്ങളോ ഇല്ല.
കഴിഞ്ഞ ദിവസം യുവാവ് ഇവിടെ അഞ്ഞൂറടി താഴ്ചയിലേക്കു വീണു മരിച്ചതോടെയാണ് ഇവിടെ സുരക്ഷാ ക്രമീകരണം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോനെ (35)യാണ് ശനിയാഴ്ച കോട്ടപ്പാറയുടെ താഴ് ഭാഗത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരമാസകലം മുറിവുകളോടെ പാറയിടുക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈറൽ ദൃശ്യഭംഗി
സമൂഹമാധ്യമങ്ങളിൽ കോട്ടപ്പാറയുടെ ദൃശ്യഭംഗി വൈറലായതോടെയാണ് കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ ഈ പ്രദേശം ഇടം പിടിച്ചത്.
സമൂഹമാധ്യമങ്ങളിൽ കോട്ടപ്പാറയുടെ ദൃശ്യങ്ങൾ കണ്ടു കാഷ്മീരിലോ കൊടൈക്കനാലിലോ ആണ് ഈ സ്ഥലം എന്നു തെറ്റിദ്ധരിച്ചവരുമുണ്ട്. കോട്ടപ്പാറയെക്കുറിച്ചറിഞ്ഞ് ഇവിടേക്ക് ദിവസേന എത്തുന്നതു നൂറുകണക്കിനു കാഴ്ചക്കാരാണ്.
അപകട സാധ്യതയേറെ
കോട്ടപ്പാറയിലെ മനോഹര ദൃശ്യങ്ങൾ കാണാനെത്തുന്നവർക്കു മതിയായ സുരക്ഷ ഒരുക്കുന്ന കാര്യത്തിലാണ് അധികൃതരുടെ അലംഭാവം തുടരുന്നത്.
സൂര്യോദയ ദൃശ്യങ്ങൾ കാണാൻ എത്തുന്നവർ നേരം പുലരും മുന്പേ ഇവിടെയെത്തുന്നതും അസ്തമയം കണ്ടു മടങ്ങുന്നവർ രാത്രിയിൽ ഇവിടെനിന്നു തിരികെ ഇറങ്ങുന്നതും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
കോട്ടപ്പാറയിൽ എത്തിച്ചേരാൻ
തൊടുപുഴയ്ക്കു സമീപത്തെ വണ്ണപ്പുറത്തുനിന്നു മുള്ളരിങ്ങാട് റൂട്ടിൽ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടപ്പാറയിലെത്താം.
കോട്ടപ്പാറ കുരിശു പള്ളിക്കു സമീപത്തുനിന്ന് ഒന്നര കിലോമീറ്റർ നടന്നാൽ സഞ്ചാരികൾക്കു വിരുന്നേകുന്ന ദൃശ്യഭംഗി വീക്ഷിക്കാനാവും. മഞ്ഞിന്റെ പുതപ്പ് മെല്ലെ മെല്ലെ പ്രകൃതി നീക്കുന്ന ദൃശ്യഭംഗി കാണാൻ പുലർച്ചെ തന്നെ എത്തണമെന്നു മാത്രം.