കോട്ടയം: ഒരു ട്രെയിനില്‍ നിറയെ കയറാനുള്ള യാത്രക്കാരാണ് കോട്ടയം സ്റ്റേഷനില്‍ മാത്രം വൈകുന്നേരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനറല്‍ കോച്ചില്‍ ഇരിപ്പിടം വേണ്ട, ഒന്നു കാല്കുത്തി നില്ക്കാന് ഇടം മതിയെന്ന ആഗ്രഹമാണ് സീസണ് യാത്രക്കാരുടേത്. വണ്ടി നിറുത്തി ആളിറങ്ങിയാലുടന് ഇടിച്ചുകയറേണ്ട ഗതികേട്.
തെക്കോട്ടു പോകാന്‍ വൈകുന്നേരം 5.40ന് കൊല്ലം പാസഞ്ചറും 6.10ന് കേരളയും 6.40ന് വേണാടുമുണ്ട്. ഇതില്‍ പാസഞ്ചറിലെയും വേണാടിലെയും തിരക്ക് പറയാനില്ല.
കേരളയില്‍ ജനറല്‍ കോച്ചുകള്‍ പേരിനു മാത്രം. നാലര മുതല്‍ കോട്ടയത്ത് കാത്തുനില്ക്കുന്ന ജനം ട്രെയിനില്‍ വീട്ടിലെത്തുമ്പോള്‍ രാവേറെയാകും.
വടക്കോട്ടുള്ള യാത്രയും ഇങ്ങനെതന്നെ. നാലിന് ഐലൻഡും 5.20ന് എറണാകുളം പാസഞ്ചറും 5.40ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും. ഏതാനും ദിവസങ്ങളില്‍ 5.50ന് ജന്ശതാബ്ദിയുമുണ്ട്.
കോട്ടയത്തു നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വൈകുന്നേരങ്ങളില്‍ ഓരോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.