കോട്ടയം: മയക്കുമരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുന്നതിനുമായി പോലീസ് ആവിഷ്കരിച്ച ഓപ്പറേഷൻ കാവൽ പാളുന്നു.
പേരിനു കുറച്ചു പേരെ റെയ്ഡ് ചെയ്തു പിടിച്ചുവെങ്കിലും ഭൂരിപക്ഷവും ആയുധങ്ങളുമായി കൊലവിളിച്ചു നാട്ടിലിറങ്ങിയിരിക്കുകയാണ്. ഇതിൽ കാപ്പ ചുമത്തി ജില്ലയിൽ നിന്നും ഓടിച്ചവരുമുണ്ട്.
തിരുവനന്തപുരത്ത് യുവാവിന്റെ വെട്ടിയെടുത്ത കാലുമായി ബൈക്കിൽ കറങ്ങി വഴിയിൽ വലിച്ചെറിഞ്ഞ സംഭവവും യുവാവിനെ കൊന്നു ശവശരീരം ചുമന്നു പോലീസ് സ്റ്റേഷനിലേക്കു വലിച്ചെറിഞ്ഞ കോട്ടയത്തെ സംഭവവും കേട്ടും കണ്ടും കേരളം ഞെട്ടിലിലാണ്.
ക്രിമിനൽകേസിലെ പ്രതികളുടേയും കുറ്റവാളികൾ എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങൾ മനസിലാക്കുന്നതിൽ പോലീസ് പരാജയപ്പെടുന്നു.
കാപ്പ ചുമത്തി ജില്ലയിൽ നിന്നും മാറ്റിയവർ പോലും തിരിച്ചുവന്നിട്ടും ഇവരുടെ നീക്കം അറിയുന്നതിൽ പോലീസ് പരാജയപ്പെടുകയാണെന്ന ആക്ഷേപം ശക്തമാണ്.
പോലീസ് ഗുണ്ടാപ്പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും ഇപ്പോഴും വെളിയിലാണ്. ഇവരാണ് നാട്ടിൽ അക്രമം അഴിച്ചുവിടുന്നത്.
ഗുണ്ടകൾ തമ്മിലുള്ള കുടിപ്പക മറനീക്കി പുറത്തുവന്നിട്ടും പോലീസ് അനങ്ങുന്നില്ല. മകനെ തട്ടിക്കൊണ്ടു പോയിയെന്ന് അമ്മ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയിട്ടും അന്വേഷണം ഉൗർജിതമാക്കിയില്ലെന്നു കോട്ടയത്തെ സംഭവം തെളിയിക്കുന്നു.
കേരളത്തിൽ 4500 ഗുണ്ടകൾ ഉണ്ടെന്നും അതിലെ 1300 പേർ സജീവമാണെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ട് പുറത്തായിട്ടും ഇവരെ അമർച്ച ചെയ്യാൻ പോലീസ് മടിക്കുന്നതിനു പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് ആരോപണം.
ലഹരിമാഫിയയുടെ തണലിലാണ് ഗുണ്ടകൾ തഴച്ചു വളരുന്നത്. ലഹരിമാഫിയയ്ക്കു വേണ്ടിയാണ് ഇവർ രംഗത്തിറങ്ങിയിരിക്കുന്നത്.
സംഘടിതമായ പല അക്രമസംഭവങ്ങൾക്കു പിന്നിലും ഇത്തരം ക്രിമിനൽ സംഘങ്ങളാണെന്നു വ്യക്തമാണ്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ചേരിപ്പോരിനും കൊലപാതകങ്ങൾക്കുവരെയും ലഹരിക്കച്ചവടം കാരണമാകുന്നുണ്ട്.
എന്തിനും പോന്ന ക്വട്ടേഷൻ സംഘങ്ങൾക്ക് വളരാനും വിലസാനും പറ്റിയ സാഹചര്യങ്ങൾ ഇന്ന് ഏറെയാണ്. സാന്പത്തിക കുറ്റകൃത്യങ്ങൾക്കു ഏറെ വളക്കൂറുള്ള മണ്ണായി സംസ്ഥാനം മാറുകയാണെന്നു സംശയിക്കണം.