കോഴഞ്ചേരി: കോവിഡ് പരിശോധനാഫലം വരുന്നതിനുമുന്പ് ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്നു മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ സർക്കാർ വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട് ഡിഎംഒ ഇന്ന് റിപ്പോർട്ട് നൽകും.
ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് നാറാണംമൂഴി സ്വദേശിയായ വീട്ടമ്മയുടെ മൃതദേഹമാണ ്കഴിഞ്ഞയാഴ്ച കോവിഡ് പരിശോധനാഫലം വരുന്നതിനു മുന്പ് വിട്ടുനൽകിയത്.
ഫലം നെഗറ്റീവാണെന്നു പറഞ്ഞാണ് മൃതദേഹം വിട്ടുനൽകിയത്. എന്നാൽ ഫലം വന്നപ്പോൾ പോസിറ്റീവാണെന്ന പ്രചാരണമുണ്ടായതോടെയാണ് വിവാദമായത്. യഥാർഥ ഫലം പുറത്തുവിടാൻ ആരോഗ്യവകുപ്പ് തയാറാകാത്തതാണ് ആശങ്ക പരത്തിയത്.
ഇതോടെ വിഷയം ആശുപത്രി ജീവനക്കാർ തന്നെ ആരോഗ്യമന്ത്രിയുടെ അടക്കം ശ്രദ്ധയിൽ കൊണ്ടുവന്നു. മൃതദേഹം കൈകാര്യം ചെയ്ത ഒരു ആശുപത്രി ജീവനക്കാരനെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. മൃതദേഹം പതിവുരീതിയിലാണു സംസ്കരിച്ചത്. ഇതോടെ പ്രദേശവാസികളും ആശങ്കയിലായി.
ആശങ്ക അകറ്റാനായി നാറാണംമൂഴിയിലെ ബന്ധപ്പെട്ട വാർഡിൽ ആന്റിജൻ പരിശോധന അടക്കം നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. ബന്ധുക്കളുടെയും പ്രദേശവാസികളുടെയും ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് രാജു ഏബ്രഹാം എംഎൽഎയും ആരോഗ്യവകുപ്പിനോട ആവശ്യപ്പെട്ടിരുന്നു.