കോഴിക്കോട്: അതിജീവിതയ്ക്ക് ഒപ്പം നിന്നതിനു ഭീഷണിക്കു വിധേയയായ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ നല്കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ തീരുമാനം ഇന്നുണ്ടാകും.
എന്‍ജിഒ യൂണിയന് നേതാവ് സീനിയര്‍ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണു നടപടി പ്രതീക്ഷിക്കുന്നത്.
സംഭവം അന്വേഷിച്ച മെഡിസിന് വിഭാഗം മേധാവി ഡോ. പി. ജയേഷ്കുമാര്‍ അധ്യക്ഷനായ സമതി ഇന്നലെ അന്വേഷണം പൂര്‍ത്തിയാക്കി പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
പരാതിക്കാരിയില്‍നിന്നും അവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ചീഫ് നഴ്സിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും അന്വേഷണസംഘം മൊഴി എടുത്തിരുന്നു.
പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നടപടി വേണമെന്നും സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.ഭരണകക്ഷി അനുകൂല സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഏതാനും ദിവസം മുമ്പാണ് സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയത്.
സൂപ്രണ്ട് ഇത് പോലീസിനു കൈമാറാന്‍ പ്രിന്‍സിപ്പലിനു കൊടുത്തു. എന്നാല്‍, പ്രിന്‍സിപ്പല്‍ അതു പോലീസിനു കൈമാറാതെ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. വിവാദമായ പീഡനക്കേസ് ആയതിനാലാണ് അന്വേഷണ സമിതിയെ ചുമതലപ്പെടുത്തിയത്.
പരാതിക്കാരിയായ നഴ്സിംഗ് ഓഫീസറെ സ്വാധീനിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും അവര്‍ വഴങ്ങിയിട്ടില്ല. നഴ്സിംഗ് ഓഫീസര്‍ തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
അതിജീവിതയ്ക്ക് ഒപ്പം നിന്നാല്‍ സസ്പെന്‍ഡ് ചെയ്യുമെന്നായിരുന്നു നേതാവിന്റെ ഭീഷണി. പരാതി പോലീസിനു കൈമാറുമോ അതോ നേതാവിനെതിരേ താക്കീതില്‍ പ്രശ്നം അവസാനിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം നേതാവിന്റെ നടപടിയില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. മെഡിക്കല്‍ കോളജിലെ നഴ്സസ് കൂട്ടായ്മ ഇയാള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് േനതൃത്വത്തില്‍ ഇന്ന് രാത്രി എട്ടിന് മെഡിക്കല്‍ കോളജില്‍ പ്രതിരോധ ജ്വാലയും തീര്‍ക്കും.