കോഴിക്കോട്: കനത്ത മഴയില്‍ മെഡിക്കല്‍ കോളജ് ഐസിയുവിനും രക്ഷയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് ഐസിയുവാണ് വെള്ളം കയറിയത്. ഐസിയുവില്‍ ഒട്ടേറെ ഉപകരണങ്ങള്‍ സ്ഥാപിച്ച മുറിയിലെ വെള്ളം ഒടുവില്‍ ജീവനക്കാര്‍ കോരിക്കളയുകയായിരുന്നു.
ഇതോടനുബന്ധിച്ചുള്ള ഐസൊലേഷന്‍ വാര്‍ഡുകളിലും വെള്ളം കയറി. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി. ആശുപത്രിക്ക് പിന്നിലുള്ള ഡ്രെയ്നേജിലേക്ക് മലിന ജലത്തോടൊപ്പം മഴവെള്ളം കൂടി കുത്തി ഒലിച്ചുവന്നതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം സംഭവം വലിയ വിവാദമായിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഗൈനക്കോളജി വാര്‍ഡുകള്‍, സ്ത്രീകളുടെ ഐസിയു, ലിഫ്റ്റുകള്‍ എന്നിവിടങ്ങളിലും മഴവെള്ളം പ്രതിസന്ധിക്കിടയാക്കി.