സ്വന്തം ലേഖകൻ
കൊച്ചി: ഓശാനത്തലേന്ന് അന്നമ്മ ഒരുക്കുന്ന കൊഴുക്കട്ടയ്ക്ക് രുചിയൊന്നു വേറെയാണ്. ശര്‍ക്കരയും തേങ്ങയും മറ്റു ചേരുവകളും കൃത്യമായ അളവില്‍ ചേരുന്നതു മാത്രമല്ല രുചിരഹസ്യം;
വിശ്വാസജീവിതത്തോടു ചേര്‍ത്തുവച്ച, കൊഴുക്കപ്പെട്ടപ്പെരുമയുടെ പൈതൃകം തലമുറകളിലേക്കു പകരുന്നതിലാണ് അന്നമ്മയുടെ കൊഴുക്കട്ട ശനിയാഴ്ചയെ തിളക്കമുള്ളതാക്കുന്നത്.
അങ്കമാലി ചുള്ളി പുതുവ റപ്പായിയുടെ ഭാര്യ അന്നത്തിനു പന്ത്രണ്ടാം വയസുമുതല്‍ ഓശാന ശനിയിലെ കൊഴുക്കട്ടയൊരുക്കല് മുടങ്ങിയിട്ടില്ല.
കുടുംബത്തിലെ മൂത്ത മകള്‍ എന്ന നിലയില്‍ സഹോദരങ്ങള്‍, അയല്‍വാസികള്‍, പിന്നീട് മക്കള്‍, മരുമക്കള്‍, കൊച്ചുമക്കള്‍ എന്നിവരെയെല്ലാം ഓശാന കൊഴുക്കട്ടയുടെ റെസിപ്പിയും പൈതൃകവും പഠിപ്പിച്ചത് അന്നമ്മതന്നെ.
അഭിമാനത്തോടും ആവേശത്തോടും 87 -ാം വയസിലും ഈ അമ്മ അതു തുടരുന്നു.കൊച്ചുമക്കളായ മിനു, ദിയ, ദിബിയ, ദില്‍ന, എവ്ലിന് എന്നിവര്‍ വരെയെത്തി അന്നമ്മയുടെ കൊഴുക്കട്ട മാഹാത്മ്യം അറിഞ്ഞു പഠിച്ചവരുടെ പട്ടിക.
എടക്കുന്ന് പുതുശേരി ദേവസിയുടെയും റോസമ്മയുടെയും എട്ടു മക്കളില്‍ മൂത്തയാളാണ് അന്നം. ദേവസിക്കുട്ടി, റോസി, വര്‍ഗീസ്, ഫാ. ജോണ്‍, ജോസ് എന്നിവരാണ് അന്നമ്മയുടെ മക്കള്‍.
കൊഴുക്കട്ട ഉണ്ടാക്കാം
ആവശ്യമുള്ളത്ര അരിപ്പൊടി ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. ശര്‍ക്കര, ചിരകിയ നാളികേരം, പൊടിച്ച ജീരകം എന്നിവ ചേര്‍ത്തു ചൂടാക്കി മിശ്രിതമുണ്ടാക്കുക. കുഴച്ചെടുത്ത അരിപ്പൊടി ചെറിയ വട്ടത്തില്‍ പരത്തി, അതില്‍ ചൂടാക്കിയ മിശ്രിതം വച്ചശേഷം ഉരുളയാക്കി ആവിയില്‍ പുഴുങ്ങിയെടുക്കുക. കൊഴുക്കട്ട റെഡി.