കോട്ടയം: മോഹിച്ച കസേരകൾ കിട്ടിയില്ല. ജില്ലയിലെ പാർട്ടി അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷം പുകയുന്നു.
ജില്ലയിലേക്ക് എഎസ്പി, ഡിവൈഎസ്പി, എസ്എച്ച്ഒ കസേരകളിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ സിപിഎം ജില്ലാ കമ്മിറ്റി കത്ത് നല്കിയിരുന്നു.
എന്നാൽ ആഭ്യന്തര വകുപ്പ് പല ഉദ്യോഗസ്ഥരുടെയും പേരുകൾ വെട്ടി മറ്റ് ഉദ്യോഗസ്ഥരെയാണ് വിവിധ സ്ഥലങ്ങളിൽ നിയമിച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ പാർട്ടി ജില്ലാ കമ്മിറ്റികൾ പേര് നിർദേശിക്കുന്ന ഉദ്യോഗസ്ഥരെ അതാത് തസ്തികകളിൽ ആഭ്യന്തര വകുപ്പ് നിയമിച്ചിരുന്നു.
എന്നാൽ ഇത്തവണ ജില്ലാ കമ്മിറ്റിയുടെ നിർദേശം ആഭ്യന്തര വകുപ്പ് വെട്ടിയതോടെ പാർട്ടി നിർദേശത്തിനു തിരിച്ചടിയായിരിക്കുകയാണ്.
ജില്ലാ കമ്മിറ്റി നല്കിയ ഡിവൈഎസ്പിമാരുടെ പട്ടികയിൽ നിന്നും ഒരാൾക്കു മാത്രമാണ് നിയമനം ലഭിച്ചിരിക്കുന്നത്. മറ്റുള്ളവരെ ക്രൈം ബ്രാഞ്ച്, സ്പെഷൽ ബ്രാഞ്ച്, നാർകോട്ടിക് സെൽ എന്നിവിടങ്ങളിലാണ് നിയമനം നല്കിയത്.
ഇവർക്കു പകരം പട്ടികയിൽ ഇല്ലാത്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സബ് ഡിവിഷനിലേക്ക് ഡിവൈഎസ്പി സ്ഥാനത്തേക്ക് പാർട്ടി ഒരാളുടെ പേര് മാത്രമാണ് നിർദേശിച്ചിരുന്നത്.
ആഭ്യന്തര വകുപ്പ് ഈ നിർദേശവും തള്ളുകയായിരുന്നു. പാർട്ടിയുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്നതു എസ്എച്ച്ഒയ്ക്കു ജില്ലയിൽ പോലും നിയമനം നല്കാതെ കർണാടക അതിർത്തിയിലാണ് പോസ്റ്റിംഗ് നല്കിയത്.