വണ്ടിത്താവളം: നെടുന്പള്ളത്ത് ഞാറുപാകിയതെല്ലാം പന്നിക്കൂ ട്ടം ഉഴുതുമറിച്ച് വ്യാപകനാശം.ആദ്യതവണ ഞാറുകളെല്ലാം നശിച്ചതിനാൽ വയൽ മാറി വീണ്ടും പാകിയ ഞാറുകളും ഇക്കഴിഞ്ഞ ദിവസം കൂട്ടമായിറങ്ങിയ പന്നികൾ സർവനാശം വരുത്തിയിരിക്കുന്നത്.
വിഷമത്തിലായ കർഷകനായ ആറുമുഖൻ ഇത്തവണ ഇനി രണ്ടാം വിളയിറക്കില്ലെന്നു തീരുമാനിച്ചിരിക്കുകയാണ്. സമീപത്തെ കർഷകരുടെയും സാഹചര്യം പ്രതീക്ഷയ്ക്കു വകനൽകുന്നില്ല.
കർഷകരുടെ വീടുകളിലെ സാരികളെല്ലാം വയൽവരന്പുകളിൽ സർക്കസ് കൂടാരം പോലെ വ്യാപിച്ചുകെട്ടിയിരിക്കുകയാണ്. പല നിറങ്ങൾ കണ്ടാൽ പന്നികൾ വയലിലെത്തില്ലെന്നതാണ് സാരിചുറ്റാൻ കാരണം.
എന്നാൽ ഇത്തരത്തിലുള്ള പ്രതിരോധങ്ങളെല്ലാം പന്നികൾക്ക് ഒരു തരത്തിലുള്ള ഭയപ്പാടും ഉണ്ടാക്കുന്നില്ലെന്നതു കർഷകരെ അങ്കലാപ്പിലാക്കുകയാണ്. ഇപ്പോൾ വയൽവരന്പുകളിലെല്ലാം അന്പലങ്ങളിലെ പൂജാമണിക്കു സമാനമായ ശബ്ദം രാപ്പകൽ മുഴങ്ങുകയാണ്.
രണ്ടോ മൂന്നോ കുപ്പികൾ കയറിൽ കെട്ടിത്തൂക്കിയിടും. കുപ്പികൾക്കിടയിലായി രണ്ട് ഇഞ്ച് നീളത്തിൽ ഇരുന്പുകന്പികളും തൂക്കും. കാറ്റടിക്കുന്പോൾ ഇരുന്പുകന്പികൾ കുപ്പിയിൽ തട്ടി മണിമുഴക്കം പോലെ ശബ്ദം ഉണ്ടാവും.
ഇപ്പോൾ കർഷകരെല്ലാം വയലിൽ കുപ്പി തൂക്കിയിടൽ വിദ്യയാണ് പന്നികളെ തുരത്താൻ പ്രയോഗിക്കുന്നത്. ഇതു ഫലപ്രമാവുമൊ എന്നറിയണമെന്നിൽ നടീൽ കഴിഞ്ഞ് നെൽച്ചെടികൾ കതിരാവുംവരെ കാത്തിരിക്കണം.
പന്നികളെ നശിപ്പിക്കാൻ വനംവകുപ്പ് റൈഫിൾ ടീമിനെ നിയമിച്ചിട്ടുണ്ടെങ്കിലും നാമമാത്രമായേ പ്രാവർത്തികമാക്കാൻ കഴിയുന്നുള്ളൂ. ഒന്നോ രണ്ടോ പന്നികളെ നശിപ്പിച്ചാലും നെൽകൃഷിക്ക് യാതൊരു സംരക്ഷണവും ഉണ്ടാവുന്നില്ല.
ഗർഭസ്ഥാവസ്ഥയിലുള്ള പന്നികളെ കൊല്ലരുതെന്നാണ് നിർദേശം. രാത്രിയിൽ ഇരുട്ടിന്റെ മറവിലെത്തുന്ന കൃഷി നശിപ്പിക്കുന്ന പന്നിയുടെ ശാരീരികാവസ്ഥ തിരിച്ചറിയുക എന്നതു തീർത്തും അപ്രായോഗികമാണ്
. പന്നിശല്യം വർധിക്കുന്നതിൽ കർഷക പ്രതിഷേധം വർധിച്ചപ്പോഴാണ് ശല്യക്കാരായ പന്നികളെ നശിപ്പിക്കാൻ സർക്കാർ ഉത്തരവുണ്ടായത്.ഈ തീരുമാനത്തെ കർഷകർ സ്വാഗതം ചെയ്തെങ്കിലും നിബന്ധനകൾ പലതും കർഷകരെ കുഴക്കുകയാണ്.