മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരിലും പരിസരങ്ങളിലും വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭൂമിക്കടിയിലെ വലിക്കുന്ന ഭൂഗർഭ കേബിളിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിച്ച് നഗരത്തിൽ വൈദ്യുതിയെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പ് മട്ടന്നൂർ നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാനാണ് ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു വൈദ്യുതി പ്രവർത്തനം കാര്യക്ഷമമാക്കാൻ രണ്ടു വർഷം മുമ്പ് നിർമാണ പ്രവൃത്തി ആരംഭിച്ചത്.
എന്നാൽ കളറോഡ് മുതൽ ചാവശേരി സബ് സ്റ്റേഷൻ വരെ കേബിൾ സ്ഥാപിക്കാൻ റോഡരികിൽ കുഴിയെടുക്കാൻ കെഎസ്ടിപി അനുമതി നൽകാത്തതാതെ വന്നതോടെ ഒരു വർഷത്തോളം നിർമാണ പ്രവൃത്തി തടസപ്പെട്ടു.
കെഎസ്ടിപി റോഡ് നവീകരണം ആരംഭിക്കുന്നതിന് മുമ്പ് മട്ടന്നൂർ മുതൽ കള റോഡ് വരെ കേബിൾ സ്ഥാപിച്ചിരുന്നു. ബാക്കി വരുന്ന രണ്ടര കിലോമീറ്റർ ദൂരം കേബിളിടാൻ അനുമതി ലഭിച്ചില്ല. റോഡ് നവീകരണം പൂർത്തിയായതിനാലാണ് റോഡരികിൽ കുഴിയെടുക്കാൻ അനുമതി നൽകാതിരുന്നത്.
തുടർന്നു കെഎസ്ഇബിക്ക് റോഡരികിൽ തുരന്ന് കേബിളിടാൻ അനുമതി നൽകുകയായിരുന്നു. ഇതേ തുടർന്നു വീണ്ടും ടെൻഡർ നൽകി മെഷ്യൻ ഉപയോഗിച്ച് പ്രവൃത്തി ആരംഭിക്കുകയായിരുന്നു. 20 ശതമാനം പ്രവൃത്തി മാത്രമാണ് ഇനിയുള്ളതെന്നും വേഗത്തിൽ പ്രവൃത്തി പൂർത്തീകരിച്ച് വൈദ്യുതിയെത്തിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.
എട്ടര കോടയോളം രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്.
മൂന്ന് പദ്ധതികളായാണ് കെഎസ്ഇബി പ്രവൃത്തി നടത്തുന്നതിനു ടെൻഡർ നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാലവർഷം ഉൾപ്പെടെയുള്ള സമയങ്ങളിൽ മരം പൊട്ടി ലൈനിൽ വീണു വൈദ്യുതിമുടങ്ങുന്നത് ഒഴിവാക്കുന്നതിനാണ് ഭൂമിക്കടിയിലെ കേബിൾ സ്ഥാപിച്ചു വൈദ്യുതിയെത്തിക്കുന്നത്.
ചാവശേരി, പഴശി സബ്സ്റ്റേഷനുകളിൽ നിന്നാണ് മട്ടന്നൂർ നഗരത്തിലേക്ക് വൈദ്യുതി വിതരണം ചെയുക. ചാവശേരി സബ്സ്റ്റേഷൻ മുതൽ മട്ടന്നൂർ ടൗൺ വരെയുള്ള 5.400 കിലോമീറ്റർ കേബിൾ സ്ഥാപിക്കാൻ രണ്ടര കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
ചാവശേരി സബ്സ്റ്റേഷൻ മുതൽ മട്ടന്നൂർ വരെ സ്ഥാപിക്കുന്ന15 ഓളം ടാൻസ്ഫോമർ വഴിയാണ്വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി നൽകുക.
പഴശി സബ് സ്റ്റേഷൻമുതൽ ശിവപുരം വരെയും, പഴശി സബ്സ്റ്റേഷനിൽ നിന്നു ഇടവേലിക്കൽ, ഇല്ലം മൂലവഴി മട്ടന്നൂർ ടൗൺ വരെയും കേബിൾ സ്ഥാപിക്കുന്ന പ്രവൃത്തി നേരത്തെ പൂർത്തിയായിരുന്നു.