പി. ജയകൃഷ്ണന്
കണ്ണൂര്‍: വൈദ്യുത ബോര്‍ഡില്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം ലഭിച്ചവരില്‍ ചിലരെ നിയമന മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കാഷ്യര്‍ ട്രെയിനിയായി നിയമിക്കാന്‍ നീക്കം.
ഭരണകക്ഷി യൂണിയനുമായി അടുപ്പമുള്ളവരെയാണ് യോഗ്യത പോലും മറികടന്ന് നിയമിക്കാന്‍ നീക്കം നടക്കുന്നത്. നാലാം ക്ലാസ് പാസാവുകയും എസ്എസ്എല്‍സി പരാജയപ്പെടുകയും ചെയ്തവരെയാണ് നിലവില്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നത്.
പാലക്കാട് ഇന്സ്ട്രിയല് ട്രൈബ്യൂണൽ വിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ താത്കാലികക്കാരായി ജോലി ചെയ്തിരുന്ന എസ്എസ്എല്‍സി പാസായവരെയും വര്‍ക്കര്‍മാരായി നിയമിച്ചിരുന്നു.
ബോര്‍ഡ് ചട്ടപ്രകാരം ഡിഗ്രിയും മൂന്നുവര്‍ഷം ബോര്‍ഡില്‍ പ്രവൃത്തി പരിചയം അല്ലെങ്കില്‍ പ്രീഡിഗ്രി/ പ്ലസ് ടു യോഗ്യത ബോര്‍ഡില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെയാണ് കാഷ്യര്‍ ട്രെയിനിയായി നിയോഗിക്കുക.
ഇതിനു വിരുദ്ധമായാണ് ഇപ്പോള്‍ ചിലരെ ചട്ടം മറികടന്ന് കാഷ്യര്‍ ട്രെയിനിയായി നിയോഗിക്കാന്‍ നീക്കം നടക്കുന്നത്. നേരത്തെ ദീര്‍ഘകാലം കരാര്‍ തൊഴിലാളികള്‍ ആയിരുന്നവരില്‍
നിന്ന് 1486 ഓളം പേരെയാണ് വൈദ്യുതി ബോര്‍ഡില്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമിക്കാന്‍ പാലക്കാട് ഇന്സ്ട്രിയല് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരുന്നത്. അന്ന് 165 തസ്തികകള്‍ മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ.
ഇതില്‍ ഉള്‍പ്പെട്ടെ ചിലരെയാണ് ഇപ്പോള്‍ നിയമവിരുദ്ധമായി ഉയര്‍ന്ന തസ്തികയില്‍ നിയമിക്കാന്‍ നീക്കം നടക്കുന്നത്. അവശേഷിക്കുന്ന 1321 വര്‍ക്കര്‍മാര്‍ക്ക് ഭാവിയില്‍ ഒഴിവുവരുന്ന തസ്തികകള്‍ കണക്കിലെടുത്തുള്ള സൂപ്പര്‍ ന്യൂമററി നിയമനങ്ങളാണ്.
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിനെതിരേ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയും സര്‍ക്കാരിനെതിരേ സ്വന്തം മുന്നണിക്കകത്തു നിന്നുപോലും പ്രതിഷേധം ശക്തമാവുകയും ചെയ്യുന്നതിനിടയിലും നിയമനവുമായി ബന്ധപ്പെട്ട കള്ളക്കളി തുടരുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.