പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക്സ് മാർക്കറ്റിംഗ് വിഭാഗം ഉടൻ പ്രവർത്തനമാരംഭിക്കും. ലോജിസ്റ്റിക്സ് മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് 22 ജീവനക്കാരെ കഴിഞ്ഞ ദിവസം നിയമിച്ചുകൊണ്ട് സിഎംഡി ബിജു പ്രഭാകരന്റെ ഉത്തരവിറങ്ങി.
വിവിധ ഡിപ്പോകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 21 കണ്ടക്ടർമാർക്കും ഒരു അസിസ്റ്റന്റിനുമാണ് ഇപ്പോൾ വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിൽ നിയമനം നല്കിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് ( മാർക്കറ്റിംഗ് ) എന്ന തസ്തികയിലേയ്ക്ക് നിയമിച്ചിട്ടുള്ള ഇവർക്ക് ഒരു സ്വകാര്യ സ്ഥാപനവുമായി ചേർന്ന് ഒരു മാസം മുമ്പ് വിദഗ്ദ പരിശീലനവും നല്കിയിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ എട്ട് ഡിപ്പോകളിലാണ് ഇപ്പോൾ ലോജിസ്റ്റിക്സ് പ്രവർത്തനം തുടങ്ങുന്നത്. ഡിപ്പോകളിൽ ഇവർക്ക് പ്രത്യേകം ഓഫീസും ഓഫീസിൽ ബോർഡും സ്ഥാപിക്കും.
ഇവരുടെ സർവീസ് ബുക്കും, മറ്റ് സേവന വിവരങ്ങളും ചീഫ് ഓഫീസിലേക്ക് മാറ്റാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. ആഴ്ചതോറും ഇവരുടെ പ്രവർത്തന റിപ്പോർട്ടുകൾ ഡപ്യൂട്ടി ജനറൽ മാനേജർ (കോമേഴ്സ്യൽ ) അയച്ചു കൊടുക്കണം.
ലോജിസ്റ്റിക്സ് മാർക്കറ്റിംഗ് വിഭാഗത്തിന്റെ ചുമതല ജനറൽ മാനേജർ (ടെക്നിക്കൽ)ക്ക് അധിക ചുമതലയായി നല്കിയിട്ടുണ്ട്.
മുമ്പ് കെ എസ് ആർ ടി സി സ്വകാര്യ സ്ഥാപനവുമായി ചേർന്ന് കൊറിയർ സർവീസ് നടത്തിയിരുന്നു. എന്നാൽ 2018-ൽ നഷ്ടത്തെ തുടർന്ന് ഇത് അവസാനിപ്പിച്ചിരുന്നു. ഇപ്പാൾ കോർപ്പറേഷൻ നേരിട്ടാണ് ലോജിസ്റ്റിക്സ് സർവീസ് ആരംഭിക്കുന്നത്.