ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിലെ കാമറ ദൃശ്യങ്ങൾ ചീഫ് ഓഫീസിൽ ലഭിക്കുന്ന പുതിയ സംവിധാനം ഒരുക്കുന്നു. വൈഫൈ ഉപയോഗിച്ച് ബസുകളിലെ കാമറ ദൃശ്യങ്ങൾകാസ്റ്റ് ചെയ്യുന്നതാണ് സംവിധാനം. ബസുകളിലെദൃശ്യങ്ങൾ കെഎസ്ആർടിസി ചീഫ് ഓഫീസിൽ എത്തും.
ബസിലെ കാമറയുടെ മെമ്മറി കാർഡ് നഷ്ടമായാലും ചീഫ് ഓഫീസിലെ മാസ്റ്റർ സംവിധാനത്തിൽ നിന്നും ദൃശ്യങ്ങൾ ലഭിക്കും. ഇതിനായി കെഎസ്ആർടിസിയിൽ സൂപ്പർ കമ്പ്യൂട്ടറൈസേഷൻ നടപ്പാക്കും. ആഡംബര ബസുകളായ പ്രീമിയം സർവീസുകളിൽ ഇതിന്റെ ട്രയൽ ഉടൻ നടത്തും.
അടുത്തിടെ കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുണ്ടായ തർക്കം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. അന്നത്തെ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ കഴിയുന്ന മെമ്മറി കാർഡ് ഇനിയും കണ്ടെത്തിയിട്ടില്ല.
ഇത് മോഷണമാണെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സി എം ഡി പ്രമോജ് ശങ്കർ പോലീസിന് പരാതി നല്കിയിരുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും മെമ്മറി കാർഡ് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
ഇതു കൂടി കണക്കിലെടുത്താണ് ബസിൽ നടക്കുന്ന സംഭവങ്ങൾ തത്സമയം ചീഫ് ഓഫീസിൽ റിക്കാർഡ് ചെയ്യാൻ കഴിയുന്ന സംവിധാനമൊരുക്കുന്നത്.
യാത്രക്കാർക്കോ ജനങ്ങൾക്കോ ബസ് ജീവനക്കാരെക്കുറിച്ചോ ഡ്രൈവിംഗിനെക്കുറിച്ചോ വഴിയിലുണ്ടാകുന്ന മറ്റ് ശല്യങ്ങൾ , പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് വീഡിയോ എടുത്ത് അയയ്ക്കാം അതിന് വേണ്ടിയുള്ള വാട്സാപ്പ് നമ്പർ കെഎസ്ആർടിസി ഉടൻ അറിയിക്കും.
പ്രദീപ് ചാത്തന്നൂർ